Join News @ Iritty Whats App Group

അയോധ്യ വിഷയത്തില്‍ തീ അണയ്ക്കാനാണ് സാദിഖലി തങ്ങള്‍ ശ്രമിക്കുന്നത്, മൂന്ന് സീറ്റ് ലീഗിന്റെ അര്‍ഹതപ്പെട്ട ആവശ്യം: വി.ഡി. സതീശന്‍


തൃശൂര്‍: അയോധ്യയുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ തീ അണയ്ക്കാനാണ് സാദിഖലി തങ്ങള്‍ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്റെ കാമ്പെയിനാണ് എതിരാളികളുടെ ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇരുവശങ്ങളിലുമുള്ള തീവ്രവാദ സ്വഭാവമുള്ള ആളുകളിലേക്ക് വിഷയം എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കാന്‍ തീവ്രവാദ സ്വഭാവമുള്ള ആളുകള്‍ ശ്രമിക്കുന്ന കാലത്ത് സമാധാനത്തിന് വേണ്ടി സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ്.

മൂന്ന് സീറ്റ് വേണമെന്നത് ലീഗിന് അര്‍ഹതപ്പെട്ട ആവശ്യമാണ്. അവരുടെ അര്‍ഹതയെ കോണ്‍ഗ്രസ് ഒരു കാരണവശാലും ചോദ്യം ചെയ്യില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗികമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനൊപ്പം ആത്മാര്‍ഥമായി നില്‍ക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യു.ഡി.എഫിന്റെ നട്ടെല്ലായി നില്‍ക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ല.

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പതിറ്റാണ്ടുകളായി തുടരുന്ന നടപടിക്രമങ്ങളിലൂടെയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. ആദ്യം പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. പിന്നീട് അതിന്റെ യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തി അടുത്ത നടപടിക്രമത്തിലേക്ക് കടക്കും. അതിനു ശേഷം ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും. ഈ പ്രക്രിയ സുഗമമായി നടക്കും. യു.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ ശേഷമെ ഈ ഘട്ടത്തിലേക്ക് കടക്കൂ.

കേരളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ സാഹിത്യ അക്കാദമിക്കെതിരെ ഉന്നയിച്ചിരിക്കുന്ന പരാതി സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ഞങ്ങള്‍ എല്ലാവരും ബഹുമാനിക്കുന്ന സച്ചിദാനന്ദനാണ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്. അദ്ദേഹമല്ല പ്രശ്‌നം. അക്കാദമിയെ സി.പി.എം. രാഷ്ട്രീയവത്കരിച്ച് പാര്‍ട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്ത് ഇരുത്തി വേറെ ചില ആളുകള്‍ അക്കാദമിയെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ആ രാഷ്ട്രീയവത്കരണത്തിന്റെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിഷയം. ഇത് സര്‍ക്കാര്‍ തന്നെ പരിഹരിക്കണം. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടണം. സര്‍ക്കാരും സി.പി.എമ്മും എല്ലായിടത്തും കൈകടത്തുന്ന ഡീപ്പ് സ്റ്റേറ്റായി മാറിയിരിക്കുകയാണ്, വി.ഡി. സതീശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group