Join News @ Iritty Whats App Group

സ്ഥലത്ത് എത്തിയിട്ടും ബസിൽ നിന്നിറങ്ങിയില്ല, കൂടെയുള്ളവര്‍ തിരഞ്ഞു; സീറ്റില്‍ മരിച്ച നിലയില്‍ മലയാളി

റിയാദ്: ജോലിക്ക് പോകുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. സഹപ്രവർത്തകരോടൊപ്പം കമ്പനി ബസിൽ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് കാരപ്പറമ്പ് വെണ്ണീർവയൽ സ്വദേശി അബ്ദുന്നാസർ (58) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. 

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു വ്യവസായ നഗരത്തിൽ അൽ ഹംറാനി ഫക്സ്‌ കമ്പനിയിൽ മാൻപവർ ജോലിക്കാരനായ അബ്ദുന്നാസർ രാത്രി 7.30 ലെ ഷിഫ്റ്റ് ഡ്യൂട്ടിക്കായി മറ്റു തൊഴിലാളികളോടൊപ്പം പുറപ്പെട്ടതായിരുന്നു. കൂടെയുള്ളവരെല്ലാം ജോലിസ്ഥലത്തിറങ്ങിയിട്ടും ബസിൽ നിന്നും ഇറങ്ങുന്നത് കാണാതിരുന്നപ്പോഴാണ് അബ്ദുന്നാസർ ബസിലെ സീറ്റിൽ ഹൃദായാഘാതം മൂലം മരിച്ചതായി സഹപ്രവർത്തകർ അറിയുന്നത്. 

യാംബു റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടര പതിറ്റാണ്ടിലേറെ യാംബുവിൽ പ്രവാസിയായിരുന്ന അബ്ദുന്നാസറിന്റെ പെട്ടെന്നുള്ള വിയോഗം ബന്ധുക്കളെയും സഹപ്രവർത്തകരെയും മലയാളി സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി. പരേതനായ ചേക്കുഞ്ഞി ആണ് അബ്ദുന്നാസറിന്റെ പിതാവ്. മാതാവ്: ഖദീജാബി, ഭാര്യ: ആയിഷ, മക്കൾ: ഇർഷാദ് (നേമുൻ യാംബു പ്രവാസി), നൗശത്ത്, ജംഷത്ത്. മരുമക്കൾ: മുബാറക്ക്, ജംഷീദ്, ഷഹല. സഹോദരങ്ങൾ: റാഫി, അഷ്‌റഫ്, അസ്മാബി, സുഹറാബി, ഖൈറുന്നീസ.

Post a Comment

Previous Post Next Post
Join Our Whats App Group