Join News @ Iritty Whats App Group

'30 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഫോളോ ചെയ്യല്ലേ, പ്രശ്നമാണ്'; വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി സിബിഎസ്ഇ

ദില്ലി: സിബിഎസ്‌ഇ പരീക്ഷകളുമായി ബന്ധപ്പെട്ട് എക്‌സില്‍ (പഴയ ട്വിറ്റര്‍) നിരവധി വ്യാജ പ്രചാരണങ്ങള്‍ മുമ്പ് സജീവമായിരുന്നു. സിബിഎസ്‌ഇ പരീക്ഷ തിയതി, ഫലം വരുന്ന തിയതി എന്നിവകളുടെ വിവരങ്ങളാണ് പ്രധാനമായും ഇവ വഴി പ്രചരിച്ചിരുന്നത്. 2023ലടക്കം ഇത്തരം ട്വീറ്റുകള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. വീണ്ടുമൊരു ബോര്‍ഡ് എക്‌സാം അടുത്തിരിക്കേ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍. 

സിബിഎസ്‌ഇയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് കൊണ്ട് പ്രവര്‍ത്തിക്കുന്ന 30 എക്സ് (ട്വിറ്റര്‍) അക്കൗണ്ടുകളുടെ വിവരങ്ങളാണ് ബോര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. 'ചുവടെ കൊടുത്തിരിക്കുന്ന എക്സ് അക്കൗണ്ടുകള്‍ സിബിഎസ്‌ഇയുടെ ലോഗോയും പേരും ദുരുപയോഗം ചെയ്തു കൊണ്ട് ആളുകള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്നതാണ് എന്ന് അറിയിക്കുന്നു. സിബിഎസ്‌ഇയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ക്ക് @cbseindia29 എന്ന വെരിഫൈഡ് എക്സ് (ട്വിറ്റര്‍) അക്കൗണ്ട് സന്ദര്‍ശിക്കണം. സിബിഎസ്ഇയുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് സിബിഎസ്ഇ ഉത്തരവാദികളായിരിക്കില്ല' എന്നും ബോര്‍ഡ് ട്വീറ്റിലൂടെ അറിയിച്ചു. 

സിബിഎസ്ഇയുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി മുമ്പ് അനവധി വ്യാജ സര്‍ക്കുലറുകള്‍ പ്രചരിച്ചിട്ടുണ്ട്. 2020 മുതല്‍ ഇത്തരം വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള തെറ്റായ സന്ദേശങ്ങളെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് സംഘം പൊളിച്ചിരുന്നു. ക്ലാസുകള്‍ താറുമാറായ കൊവിഡ് മഹാമാരി കാലത്ത് സിബിഎസ്ഇയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളുടെ കുത്തൊഴുക്ക് തന്നെ വ്യാജ അക്കൗണ്ടുകള്‍ വഴി സാമൂഹ്യമാധ്യമങ്ങളിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group