Join News @ Iritty Whats App Group

*'ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതി'; കഴിഞ്ഞ വര്‍ഷം 201 കോടി രൂപ നഷ്ടമായെന്ന് മുഖ്യമന്ത്രി*



തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സമൂഹം നല്ല ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകള്‍ ഇത്തരം ഓണ്‍ലൈന്‍ കെണിയില്‍ പോയി വീഴുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്. തട്ടിപ്പുകള്‍ക്കിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പലപ്പോഴും ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ ദുരുപയോഗങ്ങള്‍ക്ക് ഇരയാകാറുണ്ട്. കുരുക്ക് മുറുകുമ്പോഴാണ് ആപത്ത് ബോധ്യപ്പെടുന്നത്. ഇതോടെ കുട്ടിയുടെയും കുടുംബത്തിന്റേയും സ്വസ്ഥത നഷ്ടപ്പെടും. ഇത്തരം സംഭവങ്ങളില്‍ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവുകയാണ് പ്രധാനം. കുട്ടിയുടെ ഭാവിയെ കരുതി പലപ്പോഴും പൊലീസ് നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇരയായവര്‍ തയ്യാറായെന്നു വരില്ല. അത്തരം സംഭവങ്ങളില്‍ കുട്ടിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസിന്റെ സൈബര്‍ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ തിരുവനന്തപുരം സൈബര്‍ സ്റ്റേഷന്റെ ചുമതല ഒരു ഡിവൈഎസ്പിക്കാണ്. സൈബര്‍ ഡിവിഷന്‍ വരുന്നതോടെ കൊച്ചി, കോഴിക്കോട് സൈബര്‍ സ്റ്റേഷനുകളുടെ ചുമതലയും ഡിവൈഎസ്പിമാര്‍ക്കാവും. ഇവരെ സഹായിക്കാന്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുണ്ടാകും. സൈബര്‍ കുറ്റാന്വേഷണത്തിന്റെ ഏകോപനത്തിനായി റേഞ്ച് ഡി ഐ ജിമാരുടെ കീഴില്‍ പ്രത്യേക സംവിധാനം കൊണ്ടുവരും.

Post a Comment

Previous Post Next Post
Join Our Whats App Group