Join News @ Iritty Whats App Group

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം സ്വാഗതാര്‍ഹം: വി.എം.സുധീരൻ

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം ഉചിതവും അങ്ങേയറ്റം സ്വാഗതാര്‍ഹവുമാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എം.സുധീരൻ. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധീരമായ ഈ തീരുമാനം ഇടവരുത്തുമെന്നും വി.എം.സുധീരൻ പറഞ്ഞു. ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് തീരുമാനം. 

ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരേയും തീരുമാനമെടുത്തിരുന്നില്ല. ആദ്യഘട്ടത്തിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും 'ഇന്ത്യ' സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം കോൺ​ഗ്രസ് പറയുന്നത്. 

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു. നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. 

ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് വി എം സുധീരൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നും ക്ഷണം കോൺഗ്രസ് പൂർണമായി നിരാകരിക്കണമെന്നും വിഎം സുധീരൻ പറഞ്ഞിരുന്നു. നെഹ്റുവിന്റെ നയങ്ങളിൽ നിന്നും കോൺഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്‌തില്ല എന്നാണ് വ്യകതമാകുന്നത്. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരാണെന്നും മതേതര മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വേണം കോൺഗ്രസ് മുന്നോട്ടു പോകാനാണെന്നും വിഎം സുധീരൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് വിവാദമായ പശ്ചാത്തലത്തിലായിരുന്നു സുധീരൻ്റെ പ്രതികരണം. 

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതര മൂല്യങ്ങൾ കോൺഗ്രസ് ഉയർത്തിപ്പിടിക്കണം. ഒരു കാരണവശാലും പങ്കെടുക്കരുത്. ജനാധിപത്യം മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയും ചടങ്ങിൽ പങ്കെടുക്കരുത്. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങി പോണം. കോൺഗ്രസ് പഴയ മതേതര മൂല്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group