വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‌യു നേതാവിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്.കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ ആരോപണത്തിലാണ് പൊലീസിന്റെ ക്ലീൻ ചിറ്റ്. അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.സിപിഐഎം മുഖപത്രത്തിലെ വാര്‍ത്തയില്‍ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തില്‍ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ എസ്.എഫ്.ഐ പ്രതിസ്ഥാനത്ത് വന്നതിനു പിറകെയായിരുന്നു കെ.എസ്.യു നേതാവിനെതിരായ ആരോപണം ഉയർന്നത്. കേരള സര്‍വകലാശാലയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്നായിരുന്നു അന്‍സിലിനെതിരായ കേസ്.
കേസന്വേഷണത്തിൽ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അൻസിൽ ജലീൽ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തുവരുന്ന സ്ഥാപനത്തിലും പിഎസ്‌സി ഓഫീസിലും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലും വിശദമായ അന്വേഷണം നടത്തി. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച അത് ഉപയോഗിച്ച് ജോലി സമ്പാദിച്ചതിന് തെളിവില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് വെളിവായിട്ടുണ്ട്. തുടർന്ന് അന്വേഷണം ആവശ്യമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post a Comment