Join News @ Iritty Whats App Group

'പ്രശ്‌നങ്ങള്‍ പരിഹരിച്ചു'; ഇനി ധൈര്യമായി ബില്ലടയ്ക്കാമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ബില്ലടയ്ക്കുന്ന ചില സംവിധാനങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി. ഇന്ന് രാവിലെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്. 

ഇന്നലെ വൈകുന്നേരത്തോടെയാണ് ബില്‍ അടക്കുന്ന സേവനങ്ങളില്‍ ചിലത് തടസപ്പെട്ടത്. കെഎസ്ഇബി ബില്ല് അടയ്ക്കാനുള്ള ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേ ടിഎം, അക്ഷയ, ഫ്രണ്ട്‌സ് സംവിധാനങ്ങളിലാണ് തടസം നേരിട്ടത്. എന്നാല്‍ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പണം അടയ്ക്കാന്‍ സാധിക്കുമായിരുന്നു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കെഎസ്ഇബി ഇന്നലെ അറിയിച്ചിരുന്നു. 

അതേസമയം, ഭൂവുടമയുടെ അനുമതിയോടെ മാത്രമെ വൈദ്യുതി പ്രസരണ വിതരണ ലൈനുകള്‍ കെ.എസ്.ഇ.ബി സ്ഥാപിക്കുവാന്‍ കഴിയൂ എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കെഎസ്ഇബി രംഗത്തെത്തി. ടെലി കമ്മ്യൂണിക്കേഷന്‍ ബില്‍ 2023 നിയമമാകുമ്പോള്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാക്കുമെങ്കിലും ഇലക്ട്രിസിറ്റി നിയമം 2003ലെ സെക്ഷന്‍ 164 ഭേദഗതി ചെയ്യുന്നതുവരെ വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ ടെലിഗ്രാഫിക് ആക്റ്റ് 1885 പാര്‍ട്ട് IIIലെ വ്യവസ്ഥകള്‍ പ്രാബല്യത്തിലുണ്ടാവുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 (അധ്യായം തക റദ്ദാക്കലും സംരക്ഷിക്കലും) സെക്ഷന്‍ 60 (3) പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

ഈ സാഹചര്യത്തില്‍ ടെലി കമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വന്നാലും വൈദ്യുതി പ്രസരണ വിതരണ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ലൈനുകള്‍ സ്ഥപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിലവിലുള്ള അധികാരാവകാശങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അല്ലാത്ത തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group