Join News @ Iritty Whats App Group

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിന് നിയമസഭയില്‍ ബഹളം ; നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ചോദ്യോത്തരവേളയില്‍ ആഞ്ഞടിച്ച് നിയമസഭയില്‍ പ്രതിപക്ഷം. അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിന് എതിരേ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ക്ഷേമപെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും കോഴിക്കോട് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കോഴിക്കോട്ടെ ജോസഫ് ആത്മഹത്യ ചെയ്യാന്‍ കാരണമായത് ക്ഷേമപെന്‍ഷന്‍ മുടങ്ങി ജീവിക്കാന്‍ വയ്യാത്ത സാഹചര്യത്തെ തുടര്‍ന്നാണ്. അതുകൊണ്ട് ഈ മരണത്തിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ക്ഷേമ പെന്‍ഷനുകളില്‍ മാസങ്ങളുടെ കുടിശ്ശികയാണ് ഉണ്ടായിരിക്കുന്നതെന്നും അത് ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായെന്നും പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തിന്റെ സാമ്പത്തീക സ്ഥിതി കൂടുതല്‍ വഷളാക്കിയത്. സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് കേരളീയം പോലെയുള്ള പരിപാടികള്‍ ധൂര്‍ത്തായിരുന്നെന്നും ആരോപിച്ചു. യുഡിഎഫ് കാലത്ത് 18 മാസത്തെ കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് സഭയില്‍ പറഞ്ഞു.

അതേസമയം കോഴിക്കോട്ടെ ആത്മഹത്യ സാമ്പത്തീക പ്രതിസന്ധിമൂലം അല്ലെന്നും ജോസഫ് മുമ്പ് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണ് എന്നും ആത്മഹത്യാകുറിപ്പിന്റെ ആധികാരികത പരിശോധിച്ചു വരികയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ക്ഷേമപെന്‍ഷനുകള്‍ കൊടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കല്‍ നടത്തിയതിനാല്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍വ്വാഹമില്ലാതായെന്നും കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ പ്രതിസന്ധി തീരുമെന്നായിരുന്നു ഇതിന് ധനമന്ത്രി നല്‍കിയ മറുപടി. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമരത്തെക്കുറിച്ച് വരെ ആലോചിക്കുകയാണ്. ഈ സമരത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷത്തിന് മാറി ചിന്തിക്കാന്‍ ഇനിയൂം അവസരം ഉണ്ടെന്നും പറഞ്ഞു. അതിനിടയിലാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നടുത്തളത്തില്‍ എത്തിയത്.

നേരത്തേ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയില്‍ തുടക്കമായിരിക്കുന്നത്. നയം പറയാന്‍ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതേ സമയം, എക്‌സാലോജിക്ക് അടക്കം വിവാദ വിഷയങ്ങളില്‍ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.

Post a Comment

Previous Post Next Post
Join Our Whats App Group