Join News @ Iritty Whats App Group

ഇരിട്ടി നഗരസഭയിലെ ജനവാസ മേഖലകളെ പഴശി പദ്ധതി പ്രദേശമാക്കി സര്‍വേ കല്ലുകള്‍ നാട്ടി



ഇരിട്ടി: ഡിജിറ്റല്‍ സർവേയുടെ ഭാഗമായി ഇരിട്ടി നഗരസഭയിലെ വള്ളിയാട്, ചെറുവോട് മേഖലകളില്‍ ജനവാസ കേന്ദ്രങ്ങള്‍ പഴശി പദ്ധതി പ്രദേശത്തിന്‍റെ ഭാഗമായി കണക്കാക്കി സർവേ കല്ലുകള്‍ സ്ഥാപിച്ചു.

കഴിഞ്ഞ ദിവസമാണ് മേഖലയിലെ അന്പതോളം കുടുംബങ്ങളുടെ വീടും കൃഷിയിടവും ഉള്‍പ്പെടുന്ന പ്രദേശം പഴശി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള ഭൂമിയായി കണക്കാക്കി കല്ലുകളിട്ടത്. 

സർവേയുമായി ബന്ധപ്പെട്ട് മുൻകൂട്ടി വിവരമൊന്നും നല്‍കിയില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. വർഷങ്ങളായി കൈവശം വച്ച്‌ നികുതിയടച്ച്‌ വരുന്ന ഭൂമിയാണിത്. പദ്ധതിയുടെ കാച്ച്‌മെന്‍റെ ഏരിയയോട് ചേർന്ന് വരുന്ന പ്രദേശമാണെങ്കിലും നാളിതുവരെ കൈയേറ്റമൊന്നും കണ്ടെത്തിയിരുന്നില്ല. വർഷങ്ങള്‍ക്ക് മുമ്ബുള്ള അതിർത്തി നിർണയ രേഖ മാനദണ്ഡമാക്കിയാണ് സർവേ നടത്തിയിരിക്കുന്നതെന്നാണ് പ്രദേശവാസികളും ജനപ്രതിനിധികളും ആരോപിക്കുന്നത്.

റീസർവേയുടെ ഭാഗമായി സ്ഥാപിച്ച പുതിയ അതിർത്തിയ നിർണയ കുറ്റി പ്രകാരം പ്രദേശത്തെ ചില വീടിന്‍റെ അടുക്കളഭാഗവും ചിലവീടുകളുടെ ചുമരും മുറ്റവും കിണറുമെല്ലാം പദ്ധതി പ്രദേശത്തിന്‍റെ ഭാഗമായി കാണിച്ചാണ് കല്ലുകളിട്ടിരിക്കുന്നത്.

ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളില്‍ സർവേയുമായി ബന്ധപ്പെട്ട് നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പുഴപുറമ്ബോക്ക് കാണക്കാക്കി ജനവസ മേഖലയില്‍ കുറ്റിയടിച്ചതായിരുന്നു പ്രതിഷേധത്തിനിടയാക്കിയത്. സമാനമായ പ്രതിഷേധവും ആശങ്കയുമാണ് നഗരസഭാ പരിധിയിലെ വള്ളിയാട് ചെറുവോട് മേഖലകളിലും ഉണ്ടായിരിക്കുന്നത്.

നേരത്തെ പദ്ധതി പ്രദേശം അളന്ന് തിരിച്ച്‌ ജലസേചന വിഭാഗം കമ്ബിവേലിയും മറ്റും സ്ഥാപിച്ചിരുന്നു. അന്നൊന്നും കണ്ടെത്താത കൈയേറ്റമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സർവേയുമായി ജലസേചന വിഭാഗത്തിന് ബന്ധമില്ലെന്നാണ് അധികൃതർ പറയുന്നത്.
ജനവാസ മേഖലയില്‍ കടന്നു കയറി കല്ലുകളിട്ട പ്രദേശം നഗരസഭാ ചെയർപേഴ്‌സണ്‍ കെ. ശ്രീലത, വാർഡ് അംഗം പി. രഘു എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സന്ദർശിച്ചു. ജനങ്ങളെ ആശങ്കയിലാക്കിയുള്ള ഈ സർവേ നിർത്തിവെക്കണമെന്ന് നഗരസഭാ ചെയർപേഴ്‌സണ്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group