Join News @ Iritty Whats App Group

'സമ്മര്‍ദ്ദം ഫലം കണ്ടു, 'തൊഴിലുറപ്പിന്' ആശ്വാസം; പുനസ്ഥാപിച്ചത് ഒന്നരക്കോടി തൊഴിൽ ദിനങ്ങളെന്ന് മന്ത്രി


തിരുവനന്തപുരം: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസമാകുന്ന വാര്‍ത്തയുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിച്ചെന്നാണ് മന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. 'നവകേരള സദസ്സിൽ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തിൽ കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ നിർബന്ധിതമായത്'- എന്നും പറ‍ഞ്ഞാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. 

മന്ത്രിയുടെ കുറിപ്പിങ്ങനെ...

നവകേരള സദസ്സിൽ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തിൽക്കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ നിർബന്ധിതമായത്. 

ഈ സാമ്പത്തിക വർഷം കേന്ദ്രം ആദ്യം അനുവദിച്ചത് 6 കോടി തൊഴിൽ ദിനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ച 9.50 കോടി തൊഴിൽ ദിനങ്ങളുടെ സ്ഥാനത്ത് 9.65 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് മാതൃകയായ സംസ്ഥാനത്തോടായിരുന്നു വിവേചനപരമായ ഈ സമീപനം. പടിപടിയായി കേരളത്തിനുള്ള തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് എതിരെ സംസ്ഥാന സർക്കാരും തൊഴിലുറപ്പ് തൊഴിലാളികളും വലിയ പ്രതിഷേധം ഉയർത്തി. മന്ത്രിയെന്ന നിലയിൽ ദില്ലിയിൽ നേരിട്ടെത്തി സമ്മർദ്ദം ചെലുത്തിയിരുന്നു.

ഇതിനെത്തുടർന്ന് രണ്ട് കോടി തൊഴിൽ ദിനങ്ങൾ കൂടി അനുവദിക്കാൻ അന്ന് കേന്ദ്രം നിർബന്ധിതമായി. നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനിലപാട് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു. ഈ സമ്മർദങ്ങൾക്കൊടുവിലാണ് ഈ വർഷം വെട്ടിച്ചുരുക്കിയ മുഴുവൻ തൊഴിൽ ദിനങ്ങളും കേന്ദ്രത്തിനു പുനസ്ഥാപിക്കേണ്ടിവന്നത്. 

കേന്ദ്രം അനുവദിച്ച 8 കോടി തൊഴിൽ ദിനങ്ങൾ ഈ കഴിഞ്ഞ മാസം തന്നെ കേരളംപൂർത്തിയാക്കിയിരുന്നു.തൊഴിൽ ദിനങ്ങൾ 10.7 കോടിയായി ഉയർത്തണമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തോട് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനം വിവിധ ഘടകങ്ങളിൽ കൈവരിച്ച പുരോഗതി വിലയിരുത്തിയതിന്റെയും, വലിയ സമ്മർദ്ദം ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ ജനുവരി 10ന് ചേർന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ എംപവേർഡ് കമ്മിറ്റിയാണ് ലേബർ ബഡ്ജറ്റ് 9.5 കോടിയായി വർദ്ധിപ്പിച്ചത്. ഈ തൊഴിൽ ദിനങ്ങൾ കേരളം മറികടക്കുകയാണെങ്കിൽ, വീണ്ടും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു നല്കുമെന്നും കേന്ദ്ര ഗ്രാമവികസന സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതി നടത്തിപ്പിൽ മികവിന്റെ എല്ലാ സൂചികകളിലും കേരളമാണ് മുന്നിൽ. ട്രൈബൽ പ്ലസ്, നീരുറവ് പോലുള്ള മാതൃകാ പദ്ധതികളും തൊഴിലുറപ്പുമായി ചേർന്നു കേരളം ഏറ്റെടുക്കുന്നു. സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് ഈ വർഷത്തെ ആദ്യ പകുതിയിലും കേരളം പൂർത്തിയാക്കി. ഈ നേട്ടം തുടർച്ചയായി കൈവരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മുന്നേറുന്ന കേരളത്തെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ച് വെല്ലുവിളിക്കുകയായിരുന്നു കേന്ദ്രം ചെയ്തുകൊണ്ടിരുന്നത്. പത്തരക്കോടി തൊഴിൽ ദിനങ്ങൾ രണ്ട് വർഷം മുൻപേയാണ് ഒമ്പതര കോടിയായി വെട്ടിച്ചുരുക്കിയത്, അത് വീണ്ടും ആറ് കോടിയായി ഇക്കുറി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതിനെതിരെ കേരളമാകെ നടത്തിയ ചെറുത്തുനിൽപ്പാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിനിൽക്കുന്നത്. കേരളത്തിന് അർഹമായ തൊഴിൽ ദിനങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങൾ നമുക്ക് തുടരാം.

Post a Comment

Previous Post Next Post
Join Our Whats App Group