Join News @ Iritty Whats App Group

6200 നെയ്‌ത്തുകാരും 1600 അനുബന്ധ തൊഴിലാളികളും; സ്‌കൂൾ യൂണിഫോം പദ്ധതി, 20 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്‌ത്‌ നൽകിയ കൈത്തറി നെയ്‌ത്ത്‌ തൊഴിലാളികൾക്ക്‌ 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നേരത്തെ 53 കോടി നൽകിയിരുന്നു. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.

പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിൽ ഹാന്റക്‌സും, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ജില്ലകളിൽ ഹാൻവീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. 6200 നെയ്‌ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും.

ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാര്‍ച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group