Join News @ Iritty Whats App Group

പൗരത്വ ഭേദഗതി നിയമം; ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരി​ഗണിക്കും

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ഇന്ന് വാദത്തിനിടെ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കും.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരാകുക. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ രാജ്യാതിര്‍ത്തികളില്‍ എന്ത് ചെയ്തുവെന്ന കാര്യത്തിലാണ് പ്രധാന മറുപടി നല്‍കുന്നത്. ഇന്ത്യ മടക്കി അയച്ച കുടിയേറ്റക്കാരുടെ എണ്ണം, 1966നും 71നും ഇടയിലുള്ളവരുടെ പരിഗണനാ അടിസ്ഥാനം തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം നല്‍കും.

പൗരത്വ ഭേദഗതി നിയമം മോദി സർക്കാർ നടപ്പാക്കുമെന്നും ആർക്കും തടയാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് 2019 ലെ പൗരത്വ(ഭേദഗതി) നിയമം ലക്ഷ്യമിടുന്നത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഭേദഗതി ചെയ്തിരുന്നില്ല. ഭേദഗതിക്കനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ ഇപെടല്‍ ഒഴിവാക്കും.

കേരളം, ബംഗാള്‍, രാജസ്ഥാന്‍ അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതിയെ എതിര്‍ത്തിരുന്നു. പൗരത്വ ഭേദഗതിയെ ചൊല്ലി രാജ്യ വ്യാപക പ്രക്ഷോഭം ആരംഭിച്ചതും തുടര്‍നടപടികള്‍ വൈകുന്നതിന് കാരണമായി. എന്നാല്‍ കോവിഡ് വ്യാപനം കാരണമാണ് നടപടികള്‍ വൈകിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പൗരത്വ ഭേദഗതി നിയമത്തി​ന്‍റ്തുടര്‍നടപടികള്‍ ആരംഭിച്ചതോടെ അയോധ്യയിലെ രാമ ക്ഷേത്രം കൂടാതെ പൗരത്വ ഭേദഗതി നിയമവും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രചരണ വിഷയമാകും.

Post a Comment

Previous Post Next Post
Join Our Whats App Group