ലോക്‌സഭയില്‍ കടന്ന് അതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാലുപേരുടെയും മൊഴികള്‍ രേഖപ്പെടുത്തി. പിടിയിലായ നീലത്തിനും അമോലിനും ഫോണോ തിരിച്ചറിയല്‍ രേഖയോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.തങ്ങളുടെ കൈയ്യില്‍ ബാഗില്ലായിരുന്നുവെന്നും പ്രതിഷേധിച്ചത് ഒരുസംഘടനയുടേയും ഭാഗമായല്ലെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഭീകരബന്ധമില്ലെന്നുള്ള സൂചനയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.തൊഴിലില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും. ജനങ്ങള്‍ക്കായാണ് പ്രതിഷേധിച്ചതെന്ന് പിടിയിലായ നീലം പറഞ്ഞു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടിയിലായവരുടെ വീട്ടിലെത്തി പരിശോധന നടത്തി.
. ലോക്‌സഭയ്ക്കുള്ളില്‍ കടന്ന് കളര്‍ സ്‌പ്രേയുമായി പ്രതിഷേധിച്ച രണ്ടുപേരെയും സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയവര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ പാസ് നല്‍കിയത് ബിജെപി എംപിയാണ്. മൈസൂരുകുടക് എം.പി. പ്രതാപ് സിംഹയാണ് പാസ് നല്‍കിയത്. ഇതോടെ പാര്‍ലമെന്റില്‍ സന്ദര്‍ശകപാസ് നല്‍കുന്നത് നിര്‍ത്തി.
ശൂന്യവേളയ്ക്കിടെയാണ് ഗാലറിയില്‍ നിന്നും രണ്ടുപേര്‍ നടുത്തളത്തിലേക്ക് ചാടിയത്. കയ്യില്‍ ഗ്യാസ് കാനുകളുമായെത്തിയ ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഉടനടി സഭാനടപടികള്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ നാലുപേരാണ് പിടിയിലായത്. പാര്‍ലമെന്റിനകത്ത് നിന്ന് സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും പാര്‍ലമെന്റിന് പുറത്ത്‌നിന്ന് നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് പിടിയിലായത്. സാഗര്‍ ശര്‍മയും മനോരഞ്ജനും മൈസൂരു സ്വദേശികളാണ്. ഇതില്‍ മനോരഞ്ജന്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. ഏകാധിപത്യം നടപ്പിലാക്കരുതെന്ന് മുദ്രാവാക്യം വിളിച്ച അക്രമികള്‍ സോക്‌സിലാണ് ഗ്യാസ് കാനുകള്‍ ഒളിപ്പിച്ച് കടത്തിയത്.
സംഭവത്തില്‍ പാര്‍ലമെന്റിലെ സിസിടിവി ക്യാമറ പരിശോധിക്കുകയാണ്. ജീവനക്കാരെ ചോദ്യംചെയ്യുന്നുമുണ്ട്. ഗ്യാസ് കാന്‍ അകത്തുകൊണ്ടുപോകാന്‍ സഹായം ലഭിച്ചോ എന്നാണ് സംശയം. ഐബി ഉന്നതരും സിആര്‍പിഎഫ് മേധാവിയും ഡല്‍ഹി പൊലീസ് കമ്മിഷണറും പാര്‍ലമെന്റില്‍ എത്തി. ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക പൊലീസുമായി ചേര്‍ന്നാണ് അന്വേഷണം.
Post a Comment