Join News @ Iritty Whats App Group

'മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം', 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' ; പോസ്റ്ററുകള്‍ പതിച്ച് എസ്എഫ്‌ഐ

കോഴിക്കോട്: പരിപാടി നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ശക്തമായ പ്രതിഷേധത്തിന്റെ സൂചന നല്‍കി എസ്എഫ്‌ഐ യുടെ പോസ്റ്ററുകളും ബാനറുകളും. 'ചാന്‍സലര്‍ ഗോ ബാക്ക്' എന്നെഴുതിയ പോസ്റ്ററുകളും 'മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം', 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്നെഴുതിയ കറുത്ത ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്.

18 ന് സര്‍വ്വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇന്ന് ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം. ഗവര്‍ണര്‍ ഇന്ന് സര്‍വ്വകലാശാലയില്‍ എത്താനിരിക്കെയാണ് 'ചാന്‍സലര്‍ ഗോ ബാക്ക്' പോസ്റ്റര്‍ പതിച്ചത്. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവാണെന്നും ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതിയെന്നും സര്‍വകലാശാലയില്‍ വേണ്ടെന്നും എസ്എഫ്‌ഐ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐ സംസ്ഥാന എടുത്തിരിക്കുന്ന നിലപാട്. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്. ഗവര്‍ണറുടെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു.

ക്യാംപസില്‍ മാത്രമല്ല, ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായി നിയമിക്കും. 'ഇസഡ് പ്ലസ്' കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ സുരക്ഷ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സന്നാഹത്തിലടക്കം കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പൊലീസ് തീരുമാനിച്ചത്. വൈകിട്ടാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല ക്യാംപസില്‍ എത്തുക. ക്യാംപസിലെ വിവിഐപി ഗസ്റ്റ്ഹൗസില്‍ ഗവര്‍ണര്‍ തങ്ങും. വൈകിട്ട് 6.30 ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍ റോഡ് മാര്‍ഗമാണ് യൂണിവേഴ്സിറ്റി ക്യാംപസില്‍ എത്തുക. മൂന്ന് ദിവസം യൂണിവേഴ്സിറ്റി ക്യാംപസില്‍ തങ്ങുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group