Join News @ Iritty Whats App Group

പാര്‍ലമെന്റിലെ പുകബോംബ് പ്രതിഷേധം ; നാല്‍വര്‍ സംഘം ആദ്യം പദ്ധതിയിട്ടത് പാര്‍ലമെന്റിന് മുന്നില്‍ സ്വയം തീ കൊളുത്താന്‍


ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് സ്വയം തീ കൊളുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പാര്‍ലമെന്റ് പ്രതിഷേധത്തിലെ പ്രധാനപ്രതികളില്‍ ഒരാളായ സാഗര്‍ ശര്‍മ്മ. എന്നാല്‍ അത് ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരേയൊരു വഴി പാര്‍ലമെന്റിനുള്ളില്‍ കടന്ന് പ്രതിഷേധം രേഖപ്പെടുത്തുക എന്നത് മാത്രമായിരുന്നെന്നും പറഞ്ഞു. ബുധനാഴ്ച ശൂന്യവേളയില്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേയ്‌ക്കേ് ചാടിയ രണ്ട് പ്രതികളില്‍ ഒരാളാണ് സാഗര്‍ ശര്‍മ.

പാര്‍ലമെന്റിന് പുറത്ത് എല്ലാവരും സ്വയം തീ കൊളുത്താനായിരുന്നു തീരുമാനം. എന്നാല്‍ ശരീരത്ത് പൊള്ളലേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന ജെല്‍ പോലുള്ള ഒരു വസ്തു വാങ്ങാന്‍ ഇവര്‍ പദ്ധതിയിടുകയും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുകയും അതിനായി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണമടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും സാഗര്‍ ശര്‍മ്മ പറഞ്ഞതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച ശൂന്യവേളയില്‍ ലഖ്നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മയും മൈസൂരില്‍ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തില്‍ എംപിമാര്‍ക്കിടയിലേക്ക് ചാടുകയും നിറപ്പുക വരുന്ന ബോംബ് പ്രയോഗിക്കുകയും ചെയ്തത് സഭയില്‍ ഭീതി ഉണര്‍ത്തിയിരുന്നു.

ലോക്‌സഭയുടെ ശൂന്യവേളയിലായിരുന്നു ഇവരുടെ പ്രവര്‍ത്തി. എംപിമാര്‍ക്ക് ഇടയിലൂടെ ഓടിയ രണ്ടു പേരില്‍ ഒരാളെ എംപിമാര്‍ ചേര്‍ന്ന് പിടികൂടുകയും മറ്റേയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയുമായിരുന്നു. ഈ സമയത്ത് തന്നെ പാര്‍ലമെന്റിന് പുറത്ത് രണ്ടുപേര്‍ കളര്‍പുക ഉയര്‍ത്തുകയും ചെയ്തു. സംഭവം മാധ്യമശ്രദ്ധ കവരാനും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും ഇവര്‍ വിശദീകരിച്ചു. 'ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനും മാധ്യമശ്രദ്ധ നേടുന്നതിനും അവര്‍ക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. അവരുടെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതിനാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒത്തുചേരാന്‍ അവര്‍ ആഗ്രഹിച്ചില്ല.

പ്രതിഷേധക്കാര്‍ അംഗങ്ങള്‍ ഇരിക്കുന്നിടത്ത് കളര്‍ സ്പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളില്‍ സ്‌പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവര്‍ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇവരില്‍ നിന്ന് നിറമുള്ള സ്പ്രേ കാന്‍ പിടികൂടി. പാസ് കിട്ടാത്തതിനെ തുടര്‍ന്ന് മറ്റ് രണ്ട് പ്രതികള്‍ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും പുകബോംബ് ഉപയോഗിക്കുകയുമായിരുന്നു. സാഗര്‍ ശര്‍മയും മനോരഞ്ജനും സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്‍ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവര്‍ മേശപ്പുറത്ത് കൂടി സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ട് ഓടി. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി.

Post a Comment

Previous Post Next Post
Join Our Whats App Group