Join News @ Iritty Whats App Group

മാസപ്പടി വിവാദത്തില്‍ പിണറായി വിജയന് നോട്ടീസ്; എല്ലാവരെയും കേള്‍ക്കണമെന്ന് ഹൈക്കോടതി


മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി. കേസില്‍ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും എല്ലാവരെയും കേള്‍ക്കണമെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയ ഹര്‍ജി ചോദ്യം ചെയ്ത് ഗിരീഷ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഹര്‍ജിക്കാരന്റെ മരണത്തെ തുടര്‍ന്ന് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച വിജിലന്‍സ് കോടതി ഉത്തരവ് തെറ്റാണെന്ന് അമിക്കസ് ക്യൂറി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ ശരിയല്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷി മൊഴികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു അമിക്കസ് ക്യൂറി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ എന്നിവരെ കൂടാതെ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് ഗിരീഷ് ബാബുവിന്റെ ഹര്‍ജി.

Post a Comment

Previous Post Next Post
Join Our Whats App Group