Join News @ Iritty Whats App Group

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്; ഗവർണറുടെ തീരുമാനം സര്‍ക്കാരിനോട് ആലോചിക്കാതെ

കണ്ണൂര്‍ : പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ കണ്ണൂർ വി സി യുടെ ചുമതല പ്രൊ. ബിജോയ്‌ നന്ദന്. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് പുറത്തായ ഡോ. ഗോപിനാഥ് രവീന്ദ്രന് പകരക്കാരനായിട്ടാണ് ബിജോയ് നന്ദന്‍ എത്തുന്നത്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ്‌ നന്ദൻ. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റേതാണ് തീരുമാനം.

സര്‍ക്കാരിനോട് ആലോചിക്കാതെയാണ് ഗവര്‍ണറുടെ തീരുമാനം. കണ്ണൂരിലേക്ക് പോകാൻ ബിജോയ് നന്ദന് ചാൻസലർ നിർദേശം നൽകി. രാജ്ഭവനിൽ നിന്ന് ഉച്ചയ്ക്ക് മുമ്പ് ഉത്തരവ് ഇറങ്ങും. ഇന്ന് തന്നെ പുതിയ വിസി ആയി ബിജോയ് നന്ദൻ ചുമതല ഏറ്റെടുക്കും.

കണ്ണൂർ വി സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയോഗിച്ച സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പുനർനിയമനത്തിൽ ഗവർണർക്കെതിരെ സുപ്രിംകോടതി നടത്തിയത് അതിരൂക്ഷ വിമർശനമാണ്. നിയമനത്തിനുള്ള അധികാരം ചാൻസിലർക്ക് മാത്രമാണെന്ന് ഓർമിപ്പിച്ച കോടതി ബാഹ്യശക്തി സമ്മർദം ചെലുത്തുമ്പോൾ റബ്ബർ സ്റ്റാമ്പുപോലെ പ്രവർത്തിക്കരുതെന്ന് പറഞ്ഞു. ഗവർണറുടെ നടപടി അമ്പരപ്പുണ്ടാക്കിയെന്നും കോടതി പറഞ്ഞു.

ഇന്നലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സിയുടെ പുനര്‍ നിയമനം റദ്ദാക്കിയതിന് പിന്നാ​ലെ ​പ്രൊഫസര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹി ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കും. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി പുനർനിയമനം റദ്ദാക്കിയ സാഹചര്യത്തിൽ രാജിയുടെ ആവശ്യം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയ വര്‍ഗീസി​െ​ന്റ നിയമനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലയ്ക്കായി കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റിയെന്നും കുറച്ചൊക്കെ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017 ലായിരുന്നു ​വിസിയായി നിയമനം ലഭിച്ചത്. 2021 ല്‍ ആദ്യ കാലാവധി പൂർത്തിയായതിനു ​േ​ശഷം 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.

എന്നാല്‍ ഇതിനെതിരെ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പുനര്‍ നിയമനം നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ചട്ടങ്ങള്‍ ലംഘിച്ചുള്ള പുനര്‍നിയമന ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാ​െ​യന്നും ഗവര്‍ണര്‍ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികള്‍ക്ക് വഴങ്ങേണ്ടി വന്നു എന്നത് ചട്ടവിരുദ്ധം ആണെന്നും ഹര്‍ജിയില്‍ കോടതി ചൂണ്ടിക്കാട്ടി.

ചാന്‍സലര്‍ എന്ന നിലയിലാണ് നിയമനത്തിന് അംഗീകാരം നല്‍കിയതെങ്കിലും തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഗവര്‍ണര്‍ തന്നെ നല്‍കിയ മൊഴി കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ബാഹ്യശക്തികള്‍ക്ക് വിധേയമായി നടത്തിയ നിയമനം ചട്ട വിരുദ്ധമായെന്നും കോടതി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group