Join News @ Iritty Whats App Group

കശ്‌മീരില്‍ വാഹനാപകടം: 4 മലയാളികളടക്കം 5 മരണം


ചിറ്റൂര്‍/ശ്രീനഗര്‍: കേരളത്തില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കശ്‌മീരിലെ സോജില ചുരത്തില്‍ കൊക്കയിലേക്കു മറിഞ്ഞു നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്‌ പരുക്കേറ്റു. പാലക്കാട്‌ ചിറ്റൂര്‍ നെടുങ്ങോട്‌ സ്വദേശികളായ അനില്‍ (34), സുധീഷ്‌ (33), രാഹുല്‍(28), വിഘ്‌നേഷ്‌ (23), ഡ്രൈവര്‍ ശ്രീനഗര്‍ സ്വദേശി ഐജാസ്‌ അഹമ്മദ്‌ എന്നിവരാണ്‌ മരിച്ചത്‌.
സോന മാര്‍ഗിലേക്ക്‌ പോവുകയായിരുന്ന വാഹനം റോഡില്‍നിന്നു തെന്നിമാറി താഴ്‌ചയിലേക്ക്‌ പതിക്കുകയായിരുന്നുവെന്ന്‌ അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്‌.
ഈ മാസം മൂപ്പതിന്‌ ചിറ്റൂരില്‍നിന്നു കശ്‌മീരിലേക്കു ട്രെയിന്‍ മാര്‍ഗം വിനോദയാത്രയ്‌ക്കു പോയ 13 അംഗ സംഘത്തിലെ അംഗങ്ങളാണ്‌ മരിച്ച യുവാക്കള്‍. സംഘത്തിലെ മനോജ്‌, രജീഷ്‌, അരുണ്‍ എന്നിവരാണ്‌ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നത്‌.
മരിച്ച അനിലിന്റെ അച്‌ഛന്‍ രാജേന്ദ്രന്‍. അമ്മ ദൈവാന. ഭാര്യ: സൗമ്യ. രണ്ടു മക്കളാണ്‌. കൂലിപ്പണിക്കാരനാണ്‌ അനില്‍.
സുധീഷിന്റെ അച്‌ഛന്‍ സുന്ദരന്‍. അമ്മ: പ്രേമ. ഭാര്യ: മാലിനി. തമിഴ്‌നാട്ടില്‍ സര്‍വയറാണ്‌ അദ്ദേഹം.
രാഹുലിന്റെ അച്‌ഛന്‍ കൃഷ്‌ണന്‍. അമ്മ ചന്ദ്രിക. ഭാര്യ: നീതു. ഐ.സി.ഐ.സി. ബാങ്കിലാണു ജോലി. വിഘ്‌നേഷിന്റെ അച്‌ഛന്‍ ശിവന്‍. അമ്മ. പാര്‍വതി.
അപകടം നടന്നയുടന്‍ തന്നെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. പരുക്കേറ്റവരെ ഷേര്‍ ഇ കശ്‌മീര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group