Join News @ Iritty Whats App Group

കാമുകിക്ക് പണം കണ്ടെത്താന്‍ ഭാര്യയുടെ സ്വര്‍ണ്ണം വീട്ടില്‍ നിന്നും മോഷ്ടിക്കാന്‍ ശ്രമം; തടഞ്ഞപ്പോള്‍ ടൈല്‍ കട്ടര്‍ കൊണ്ട് കഴുത്തറുത്തു കൊന്നു ; പ്രതിഷാജി 11 വര്‍ഷത്തിന് ശേഷം പിടിയില്‍


കൊച്ചി: യുവതിയെ കഴുത്തറുത്തു കൊന്ന കേസില്‍ 11 വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റില്‍. കോതമംഗലം മാതിരപ്പിള്ളി സ്വദേശി ഷോജിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് വിളയാല്‍ കണ്ണാടിപ്പാറ ഷാജിയാണ് അറസ്റ്റിലായത്. കേസിലെ പ്രതി ഷാജി തന്നെയാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2012 ഓഗസ്റ്റ് എട്ടിനാണ് ഷോജിയെ മാതിരപ്പിള്ളിയിലെ സ്വന്തം വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ പ്രതി എത്തിയപ്പോള്‍ ഭാര്യ കയറിവന്നതാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഷാജിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധവുമുണ്ടായിരുന്നു. ഇതേച്ചൊല്ലിയും ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. ടൈല്‍കട്ടര്‍ കൊണ്ടാണ് കൃത്യം നടത്തിയതെന്നു പ്രതി സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഈ ആയുധവും കണ്ടെടുത്തിട്ടുണ്ട്.

അടുപ്പക്കാരിയായ സ്ത്രീക്ക് പണം നല്‍കാന്‍വേണ്ടിയാണ് ഷാജി സ്വര്‍ണം കവരാന്‍ ശ്രമിച്ചത്. രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലാണു കൃത്യം നടന്നത്. ഷാജിയുടെ വീട്ടില്‍ പണിചെയ്തിരുന്നവര്‍ ഈ സമയം ചായകുടിക്കാന്‍ പോയിരുന്നു. കൊല്ലപ്പെട്ട ഷോജി വീടിനു സമീപം മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു. ഷാജി സ്വര്‍ണം കവരാന്‍ വന്നപ്പോള്‍ അപ്രതീക്ഷിതമായി ഷോജിയും വീട്ടിലേക്കു വരികയായിരുന്നു.

സ്വര്‍ണം എടുക്കുന്നത് ഇവര്‍ തടയുകയും ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൊലനടത്തിയത്. കൃത്യം നടത്തിയശേഷം കോതമംഗലത്തെ കടയിലേക്ക് ബൈക്കില്‍ത്തന്നെ പ്രതി മടങ്ങി. പായയില്‍ കിടത്തിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണം നടത്തി ഷാജിയെ കസ്റ്റഡിയിലെടുത്തെങ്കിലും കേസ് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 30 പവന്‍ സ്വര്‍ണമാണു മോഷ്ടിക്കപ്പെട്ടത്.

സംഭവത്തിനു പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്നും അന്ന് കരുതപ്പെട്ടിരുന്നു. ഇതിനിടെ മോഷണമുതലില്‍ നാലു പവനൊഴിച്ചുള്ളവ വീട്ടില്‍നിന്നു കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത കൂട്ടി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഷാജി തന്നെയാണ് പ്രതിയെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും കരുതപ്പെട്ടെങ്കിലും ഷാജിയെ കേസുമായി ബന്ധിപ്പിക്കാന്‍ കൃത്യമായ തെളിവ് ലഭിച്ചിരുന്നില്ല. പിന്നെ അന്വേഷണം മരവിച്ചു.

തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ആദ്യം ഇതുകൊണ്ടും ഫലമുണ്ടായില്ല. ക്രൈംബ്രാഞ്ച് എറണാകുളം ഡിെവെ.എസ്.പി. െവെ.ആര്‍. റസ്തമിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഒടുവില്‍ പ്രതിയെ കണ്ടെത്തിയത്. സമാനമായ മറ്റൊരു കേസില്‍ ഷാജി കൊലപാതകശ്രമം നടത്തിയതായി പുതിയ അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷാജി കുറ്റം സമ്മതിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group