Join News @ Iritty Whats App Group

എഐ ക്യാമറ പകർത്തിയ ചിത്രത്തിൽ കാറിനുള്ളിൽ 'ഇല്ലാത്ത സ്ത്രീ'; കുട്ടികളെ കാണാനുമില്ല


കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപവും. പയ്യന്നൂരില്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറിയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവര്‍ക്ക് പിന്‍സീറ്റിലായി മറ്റൊരു സ്ത്രീയുടെ രൂപംകൂടി തെളിഞ്ഞത്. ഇതെങ്ങനെ സംഭവിച്ചുവെന്ന ആശയക്കുഴപ്പത്തിലാണ് ചലാന്‍ ലഭിച്ച കുടുംബം. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യനാണ് ചലാൻ ലഭിച്ചത്.

ചെറുവത്തൂരില്‍നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രക്കിടെ കേളോത്തുവെച്ചാണ് എ ഐ ക്യാമറയുടെ മുൻപിൽ കാർ പെട്ടത്. വാഹനത്തില്‍ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ ഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ മാറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ ഐ ക്യാമറയില്‍ പതിഞ്ഞുവെന്നതാണ് കൗതുകം. പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെയാകട്ടെ ചിത്രത്തില്‍ കാണാനുമില്ല.

അതേസമയം, ചിത്രത്തില്‍ എങ്ങനെ സ്ത്രീരൂപം കയറിക്കൂടിയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുന്‍സീറ്റില്‍ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കില്‍ എഐ ക്യാമറ പകർത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുകൊണ്ട് പതിഞ്ഞതുമാകാം. എന്നാല്‍, ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ മോട്ടോർ വാഹനവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഇതുസംബന്ധിച്ച് കെല്‍ട്രോണിനോട് വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്.

അതേസമയം, എഐ ക്യാമറയില്‍ പ്രേതത്തിന്റെ ചിത്രം പതിഞ്ഞുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. അടുത്തിടെ പ്രദേശത്ത് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണിതെന്ന രീതിയില്‍ വ്യാജ ഓഡിയോ അടക്കമാണ് പ്രചരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group