Join News @ Iritty Whats App Group

കസ്റ്റംസിനെ വെട്ടിച്ചു, പോലീസ് പിടിച്ചു


മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍നിന്ന് ഒരു കിലോയോളം വരുന്ന സ്വര്‍ണം പോലീസ് പിടികൂടി.

ചപ്പാരപ്പടവ് സ്വദേശി മുസ്തഫയില്‍ നിന്നാണ് 47 ലക്ഷത്തോളം രൂപ വരുന്ന 832 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്താവള പരിസരത്തുനിന്ന് എയര്‍പോര്‍ട്ട് പോലീസാണ് സ്വര്‍ണം പിടികൂടിയത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവുമായി യാത്രക്കാരൻ പിടിയിലായത്. ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ.

കസ്റ്റംസിന്‍റെ പരിശോധനയ്ക്കുശേഷം പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ നിന്നു പുറത്തിറങ്ങിയ യാത്രക്കാരനെ സംശയത്തെ തുടര്‍ന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണം പിടികൂടുമ്ബോള്‍ 900 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 832 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.

പിടികൂടിയ സ്വര്‍ണവും യാത്രക്കാരനെയും കോടതിയില്‍ ഹാജരാക്കി. വിമാനത്താവള പരിസരത്ത് നിന്നു നിരവധി തവണ പോലീസ് സ്വര്‍ണക്കടത്തുക്കാരെ പിടികൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group