Join News @ Iritty Whats App Group

കേരളീയത്തിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകരെ രക്ഷിക്കാമായിരുന്നെന്നു കെ സുധാകരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാര്‍.

വണ്ടനാത്ത് മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത മണ്ണുണങ്ങുത്തതിന് മുമ്പാണ് മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തത്. കര്‍ഷകരെ കുരുതികൊടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകര്‍ ആഴമേറിയ പ്രതിസന്ധിയിലാണെന്നു സര്‍ക്കാര്‍ തിരിച്ചറിയണം.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയ അമ്മമാര്‍ പിച്ചയെടുക്കാനും ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങള്‍ തെരുവില്‍ സമരവുമായി ഇറങ്ങിയിട്ടും പിണറായി വിജയന്റെ കണ്ണുതുറക്കില്ല. മൂന്നു മാസമായി ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നല്കിയിട്ട്. പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയില്‍. നവകേരള സദസ് സംഘടിപ്പിക്കാന്‍ വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുന്ന സഹകരണ സംഘങ്ങളെ കുത്തിപ്പിഴിയുന്നു. സഹകരണ സംഘങ്ങള്‍ തകര്‍ന്നാല്‍ കേരളം തകരുമെന്ന് തുഗ്ലക്ക് ഭരണാധികാരികള്‍ എന്നു തിരിച്ചറിയുമെന്ന് സുധാകരന്‍ ചോദിച്ചു.

സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈക്കോയിലെ 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും. സപ്ലൈക്കോയിക്ക് 1525 കോടിയാണ് നല്കാനുള്ളത്. എവിടെ നോക്കിയാലും കടവും ധൂര്‍ത്തും അഴിമതിയും മാത്രമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് എംപിമാര്‍ക്കെതിരായ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ആരോപണം തെറ്റാണെന്നും ഇത്തരത്തില്‍ ചെളിവാരിയെറിയുന്നതിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി.

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ക്കായി നിരന്തരം പാര്‍ലമെന്‍റിലെ ഇരുസഭകളിലും ശബ്ദം ഉയര്‍ത്തുന്നവരാണ് യുഡിഎഫ് എംപിമാര്‍. സബ്മിഷനിലും സീറോ അവറിലും ഉള്‍പ്പെടെ ലഭ്യമാകുന്ന ഓരോ അവസരവും സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യം യുഡിഎഫ് ജനപ്രതിനിധികള്‍ ശക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്.പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി പ്രതിപക്ഷ എംപിമാരെ കാണാന്‍ പോലും കൂട്ടാക്കാത്ത സാഹചര്യമാണ്. പ്രതിപക്ഷ ബഹുമാനം തീരെയില്ലാത്ത മോദി സര്‍ക്കാര്‍ ഏതുവിധേനെയും ബിജെപി ഇതര എംപിമാരെ അയോഗ്യരാക്കാനുള്ള വഴിതേടുകയാണ്. എന്നിട്ടും ഭയരഹിതമായി കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ഉറച്ച ശബ്ദമാണ് കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തിയിട്ടുള്ളത്.

ഒറ്റക്കെട്ടായി കേരളത്തിന്‍റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് പകരം മുഖ്യമന്ത്രി യുഡിഎഫ് എംപിമാരെ മാറ്റിനിര്‍ത്തുകയാണ്. മുഖ്യമന്ത്രി പലപ്പോഴും രാഷ്ട്രീയം കളിക്കുകയാണ്. കോവിഡ് കഴിഞ്ഞിട്ടും എംപിമാരുടെ യോഗം ഓണ്‍ലെെനായിട്ടാണ് മുഖ്യമന്ത്രി വിളിക്കുന്നത്. ഇത് ഫലപ്രദമല്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടും ആ കീഴ്വഴക്കം മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിന് പിന്നില്‍ എണ്ണത്തില്‍ കൂടുതലുള്ള യുഡിഎഫ് എംപിമാരെ മുഖാമുഖം കാണാനുള്ള മുഖ്യമന്ത്രിയുടെ വെെമുഖ്യമാണ്.. കൂടാതെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും എംപിമാരെ നേരില്‍ കാണാനോ, കേരളത്തിന്‍റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ അവരോടൊപ്പം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനോ താല്‍പ്പര്യം കാട്ടുന്നില്ല.പകരം ജോണ്‍ബ്രിട്ടാസ്, എളമരം കരീം എന്നിവര്‍ക്ക് വലിയ പരിഗണന നല്‍കുമ്പോള്‍ യുഡിഎഫ് ജനപ്രതിനിധികളെ പാടെ അവഗണിക്കുന്ന സമീപനമാണ്.ലോകസഭയിലേയും രാജ്യസഭയിലേയും കേരളത്തില്‍ നിന്നുള്ള ഇടതു എംപിമാരുടെ ഉത്തരവാദിത്തം മറച്ചുപിടിച്ച് യുഡിഎഫ് എംപിമാരെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നത് അവസരവാദ നിലപാടാണെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group