Join News @ Iritty Whats App Group

നിക്ഷേപകർക്ക് ആശ്വാസം; കരുവന്നൂർ ബാങ്കിൽ നിന്ന് ഇന്ന് മുതൽ പണം പിൻവലിക്കാം


കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങും. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻവലിക്കാനാവുക. ഈ മാസം 11 മുതൽ അമ്പതിനായിരം രൂപ വരെയുള്ള കാലാവധി പൂർത്തികരീച്ച സ്ഥിര നിക്ഷേപങ്ങളും പിൻവലിക്കാം.

20 മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും സേവിംഗ്സ് നിക്ഷേപകർക്കും അമ്പതിനായിരം വരെ പിൻവലിക്കാം. ഡിസംബർ ഒന്ന് മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് തുകയുടെ നിശ്ചിത ശതമാനം പലിശ നൽകാനും പലിശ കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതി നൽകും.

ഈ പാക്കേജ് പ്രകാരം ആകെയുള്ള 23688 സേവിംഗ് ബാങ്ക് നിക്ഷേപകരിൽ 21190 പേർക്ക് പൂർണമായി തുക പിൻവലിക്കാനും ബാക്കിയുള്ള 2448 പേർക്ക് ഭാഗികമായി തുക പിൻവലിക്കാനും അവസരമുണ്ടാകും. ആകെയുള്ള 8049 സ്ഥിര നിക്ഷേപകർക്ക് 3770 പേർക്ക് നിക്ഷേപവും പലിശയും പൂർണമായും പിൻവലിക്കാനും ബാക്കി വരുന്ന കാലാവധി പൂർത്തീകരിച്ച നിക്ഷേപകർക്ക് ഭാഗികമായി നിക്ഷേപവും പലിശയും നൽകാനും കഴിയും.

അൻപത് കോടിയുടെ പാക്കേജ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ നിലവിൽ 17.4 കോടി രൂപയാണ് ബാങ്കിൻറെ കൈവശമുള്ളത്. ഇത് വച്ച് നിക്ഷേപകർക്ക് പണം നൽകും. ബാക്കി തുക വരും ദിവസങ്ങളിൽ എത്തുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. പണം വാങ്ങുന്നവർക്ക് തുക താത്പര്യമുണ്ടെങ്കിൽ ബാങ്കിൽ തന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കും.

ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, സഹകരണ വികസന ക്ഷേമനിധി ബോർഡ് എന്നിവ വഴിയും കേരള ബാങ്കിലും മറ്റിതര സഹകരണ മേഖലയിലും കരുവന്നൂർ ബാങ്കിനുണ്ടായിരുന്ന നിക്ഷേപങ്ങൾ പിൻവലിച്ചതിലൂടെയും വായ്പാകുടിശ്ശിക പിരിച്ചെടുത്തുമാണ് പണം കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group