Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ നിര്‍ദേശം, ഐഎസ്എല്‍ ഗ്രൗണ്ടില്‍ സ്വന്തം ടീമിനെ ഇറക്കാന്‍ യൂസഫലി; കൊല്‍ക്കത്ത ക്ലബിനെ ഏറ്റെടുക്കും; മഞ്ഞപ്പട പിളരുമോ, ആരാധകരില്‍ ആശങ്ക

കൊല്‍ക്കത്ത ഫുട്‌ബോള്‍ ക്ലബ്ബായ മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി എംഎ യൂസുഫ് അലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ലുലു ഗ്രൂപ്പും തമ്മില്‍ ദുബൈയില്‍ വെച്ച് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗാളില്‍ വലിയ മാളുകളും ഫുഡ് പാര്‍ക്കുകളും ഉള്‍പ്പെടെ കോടികള്‍ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഫുട്ബോളിലേക്കും നിക്ഷേപം നത്താന്‍ ഗ്രൂപ്പ് ശ്രമിക്കുന്നത്.

മമത ബാനര്‍ജിയും യു.എ.ഇയിലെ അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ലുലു ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ സെപ്റ്റംബര്‍ 22നാണ് ദുബൈയില്‍ കൂടിക്കാഴ്ച നടത്തിയത്. പശ്ചിമ ബംഗാളില്‍ നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ് താല്‍പര്യപ്പെടുന്നുവെന്നും അന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലുലു ഗ്രൂപ്പ് കൈ കൊടുക്കുകയാണെങ്കില്‍ അടുത്ത സീസണില്‍ മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍)കളിക്കാനുള്ള സാധ്യതയുണ്ട്. ഐ- ലീഗ് വിജയിക്കാന്‍ ആയില്ലെങ്കില്‍ നേരിട്ട് ഐ.എസ്.എല്ലിലേക്ക് പ്രവേശനം നേടാന്‍ മൊഹമ്മദന്‍സ് ശ്രമിച്ചേക്കും. ഇത്തരത്തിലൊരു നീക്കം ഉണ്ടായാല്‍ കൊല്‍ക്കത്തയിലെ മൂന്ന് പ്രധാന ക്ലബുകളും ഐ.എസ്.എല്ലില്‍ ഒരുമിച്ച് കളിക്കുമെന്ന റിക്കോര്‍ഡും പിറക്കും.

നിലവില്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഐ.എസ്.എല്‍ കളിക്കുന്നുണ്ട്. ഒപ്പം മൊഹമ്മദന്‍സ് കൂടെ എത്തിയാല്‍ കൊല്‍ക്കത്ത ഫുട്‌ബോള്‍ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ പോകും. നിലവില്‍ ബങ്കര്‍ഹില്‍സ് എന്ന നിക്ഷേപ ഗ്രൂപ്പാണ് മൊഹമ്മദന്‍സിന്റെ നിക്ഷേകര്‍. ലുലു വരുന്നപക്ഷം ഇവര്‍ ക്ലബുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കും.

ഹരിയാന കേന്ദ്രീകരിച്ച് പുതിയ ക്ലബ് തുടങ്ങാനുള്ള പദ്ധതി ബങ്കര്‍ഹില്ലിന് ഉണ്ട്. ഈ സീസണില്‍ ഹരിയാനയില്‍ നിന്ന് കോര്‍പറേറ്റ് എന്‍ട്രി വഴി ഐലീഗിലെത്താന്‍ ബങ്കര്‍ഹില്ലിന് പദ്ധതിയുണ്ടായിരുന്നു. ലുലു ഗ്രൂപ്പ് നിക്ഷേപവുമായി എത്തുന്നതോടെ ഇത് കൂടുതല്‍ സാധ്യമാകും.

മൊഹമ്മദന്‍സ് കൊല്‍ക്കത്തയിലെ പഴയകാല ക്ലബുകളിലൊന്നാണ്. കുറച്ച് കാലം മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ് പൂട്ടിപ്പോയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവര്‍ തിരികെ എത്തിയത്. നിലവില്‍ കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗില്‍ മുമ്പിലാണ് അവര്‍. വലിയ ആരാധക പിന്തുണയുള്ള ക്ലബാണ് ഇത്.

മൊഹമ്മദന്‍സിന്റെ കളി കാണാന്‍ ഓരോ മല്‍സരത്തിലും ആയിരക്കണക്കിന് ആരാധകരാണ് ടീമിനെ പിന്തുണച്ച് രംഗത്ത് ഏത്തുന്നത്. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് കേരള ബ്ലാസ്‌റ്റേഴ്‌സിനാണ്. മഞ്ഞപ്പടയെ പിന്തുണയ്ക്കാന്‍ പതിനായിരക്കണക്കിന് ആരാധകരാണ് ഒരോമത്സരത്തിലും സ്‌റ്റേഡിയങ്ങളിലേക്ക് ഒഴുകു എത്തുന്നത്. മലയാളിയായ യൂസഫലി മൊഹമ്മദന്‍സുമായി ഐഎസ്എല്‍ ഗ്രൗണ്ടിലേക്ക് എത്തുമ്പോള്‍ ഈ ആരാധകര്‍ ആരെ പിന്തുണയ്ക്കുമെന്നതും ശ്രദ്ധേയമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group