കണ്ണൂര്‍: പണി തീരാത്ത വീടെന്ന് കേട്ടിട്ടില്ലേ ? അത് പോലെ ഒരിക്കലും പണി തീരാത്ത റോഡാണ് ഇതെന്നാണ് കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം റോഡിന്‍റെ അവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്. ഇക്കഴിഞ്ഞ മെയില്‍ അറ്റകുറ്റപണി നടത്തിയ പാല്‍ച്ചുരം റോഡില്‍ ഇപ്പോള്‍ പൊളിയാത്ത ഭാഗമൊന്നുമില്ല. കണ്ണൂരില്‍നിന്ന് വയനാട്ടിലേക്കും തിരിച്ചും കുറഞ്ഞ ദൂരത്തില്‍ എത്താന്‍ കഴിയുന്ന പാതയിലാണി ദുരിത യാത്ര. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ജീവന്‍ പണയം വെച്ചാണ് വാഹനങ്ങളില്‍ ആളുകള്‍ യാത്ര ചെയ്യുന്നത്. റോഡ് തകര്‍ന്ന് തരിപ്പണമായതോടെ ഇതിലൂടെ പോകുന്ന വാഹനങ്ങളുടെ ആക്സില്‍ പൊട്ടുന്നതും വഴിയില്‍ കിടക്കുന്നതും പതിവായിരിക്കുകയാണ്. വളവുകളില്‍ ഉള്‍പ്പെടെ വലിയ കുഴികളാണുള്ളത്.
കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നതും പതിവാണ്. കുത്തനെയുള്ള കയറ്റങ്ങള്‍ കൂടുതലായുള്ള പാല്‍ച്ചുരത്തില്‍ റോഡ് കൂടി പൂര്‍ണമായും പൊളിഞ്ഞതോടെ ഏറെ സാഹസികമായാണ് കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത്.
വയനാട്ടില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താനാകുന്ന പാതക്കാണി ദുരവസ്ഥ. കണ്ണൂരില്‍നിന്ന് കര്‍ണാടകയിലേക്കും തമിഴ്നാടിലേക്കും നീളുന്നതാണി പാത. ചുരം കയറുമ്പോഴും ഇറങ്ങുമ്പോഴും ജീവന്‍ തിരിച്ചുകിട്ടിയാല്‍ ഭാഗ്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് പൊട്ടിപൊളിഞ്ഞതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റീത്ത് വെച്ചും പാല്‍ച്ചുരം ഡെയ്സ് എന്ന പേരില്‍ റീല്‍സുണ്ടാക്കിയുമൊക്കെ സമരം ചെയ്തെങ്കിലും ഇപ്പോഴും റോഡിന്‍റെ അവസ്ഥക്ക് മാറ്റമില്ല.
ഒരു രക്ഷയുമില്ലാത്ത റോഡാ'ണെന്നും ഇതിലൂടെ വാഹനമോടിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നുമാണ് വാഹനയാത്രക്കാര്‍ പറയുന്നത്. ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ചുരത്തിലൂടെ പോയി കേടാകുന്നതും പതിവാണ്. ഒരു മാസത്തോളം റോഡ് അടച്ചിട്ടാണ് അറ്റകുറ്റപണി നടത്തിയതെന്ന് പ്രദേശവാസിയായ ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണി കഴിഞ്ഞ പോയതിന് പിന്നാലെ അധികം വൈകാതെ ടാറിങ് പോയി. പണിതീരാത്ത വീടുപോലെ പണി തീരാത്ത സ്ഥലമായി ഇത് മാറിയെന്നും ജോസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയത്തിനായി വയനാട്ടിലെ പുല്‍പള്ളിയിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന്‍റെ ആക്സില്‍ ചുരത്തില്‍വെച്ച് പൊട്ടി. ഇത്തരത്തില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ പോകുന്നവരാണ് ചുരത്തില്‍ കുടുങ്ങിപ്പോവുന്നത്. റോഡില്‍ പലയിടത്തും കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തുവന്ന നിലയിലാണ്. റോഡിന്‍റെ സ്ഥിരമായി തകരുന്ന ഭാഗത്ത് ഇൻര്‍ലോക്ക് പാകി വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയില്‍ ഒരുമാസത്തോളം അടച്ചിട്ടാണ് അറ്റകുറ്റപണി നടത്തിയത്. അറ്റകുറ്റപണി കഴിഞ്ഞയുടന്‍ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.
Post a Comment