Join News @ Iritty Whats App Group

'കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധിക്കണം'; ലോക്സഭാ തെരഞ്ഞെടുപ്പിനില്ലെന്ന സൂചന നൽകി കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനില്ലെന്ന സൂചന നൽകി കെ.മുരളീധരൻ എംപി രംഗത്ത്. കെ. കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.അതുവരെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലത് പറയാനുണ്ട്. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ജോലി പോകുന്ന അവസ്ഥയാണ്. പാവങ്ങളെ ഇപ്പോള്‍ സിപിഎമ്മിന് വേണ്ട. ഇതിന് തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകും.

കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരാംഗമാക്കാത്തതിലുള്ള കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എല്ലാം പറയുമെന്ന് അറിയിച്ച ചെന്നിത്തല അതൃപ്തി പറയാതെ പറഞ്ഞു. അതൃപ്തി മാധ്യമ സൃഷ്ടിയെന്ന നേതാക്കളുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ചെന്നിത്തല ഉള്ളിലെ അമർഷം പുറത്തുകാണിക്കുന്നത്. അനുനയത്തിനായി വിളിച്ച നേതാക്കളോടും ഇപ്പോൾ പൊട്ടിത്തെറിക്കാത്തതിന്‍റെ കാരണമായി പറഞ്ഞതും പുതുപ്പള്ളി തെരഞ്ഞെടുപ്പ്. സീനിയോറിറ്റി പരിഗണിച്ചില്ല. സാമുദായിക സന്തുലനം തെറ്റുമെങ്കിൽ എന്ത് കൊണ്ട് തരൂരിനെ സ്ഥിരം ക്ഷണിതാവാക്കി തന്നെ അംഗമാക്കിയില്ല എന്നൊക്കെയാണ് പരാതി. നിരന്തരം ഹൈക്കമാൻഡ് അവഹേളിക്കുന്നുവെന്നാണ് ചെന്നിത്തല എടുത്തുപറയുന്നത്. സിഡബ്യളുസി വഴി സംസ്ഥാന കോൺഗ്രസ്സിൽ ശക്തനാകാനുള്ള ചെന്നിത്തലയുടെ മോഹം പൊലിഞ്ഞതിൽ ചില നേതാക്കൾക്ക് ഉള്ളിൽ സന്തോഷമുണ്ട്. പക്ഷെ ചെന്നിത്തലയോട് നീതികാട്ടിയില്ലെന്ന അഭിപ്രായക്കാരുമുണ്ട്

ചില സംസ്ഥാനങ്ങളുടെ ചുമതല നൽകിയുള്ള പരിഹാര നീക്കമുണ്ടെങ്കിലും തൽക്കാലം ചെന്നിത്തല കൈ കൊടുക്കാനില്ല. അതൃപ്തനെങ്കിലും എന്ത് തുടർനീക്കമെന്നത് ചെന്നിത്തലക്ക് മുന്നിലെ വെല്ലുവിളിയാണ്. പരസ്യകലാപത്തിലേക്ക് പോയാൽ സംസ്ഥാനത്ത് പിന്തുണ എത്രമാത്രമെന്നതും പ്രശ്നം, ലോക്സഭാ സംസ്ഥാന തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്തുള്ള പട്ടികയെന്ന വിലയിരുത്തൽ ദേശീയ തലത്തിൽ വരുമ്പോഴുള്ള ഒറ്റയാൾ പോരാട്ടത്തിന്‍റെ ഭാവിയാണ് പ്രശ്നം.

Post a Comment

Previous Post Next Post
Join Our Whats App Group