Join News @ Iritty Whats App Group

കാസര്‍കോഡ് റെയില്‍ പാളത്തില്‍ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും; തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പകച്ച് റെയില്‍വേ; അട്ടിമറി സാധ്യതകള്‍ തള്ളാതെ ആര്‍പിഎഫ്; മലബാറില്‍ കനത്ത സുരക്ഷ


മലബാര്‍ മേഖലയില്‍ വീണ്ടും ട്രെയിനിനെ അപകടപ്പെടുത്താന്‍ ശ്രമം. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള റെയില്‍വേ പാളത്തിനു നടുവില്‍ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് സംഭവം ഉണ്ടായത്. കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോക്കോപൈലറ്റാണ് ഇവ കണ്ടത്. ട്രെയിന്‍ അപകടം കൂടാതെ കടന്നുപോയി. ലോക്കോപൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫും പോലീസും പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഒരാഴ്ചയായി ട്രെയിനുകള്‍ക്ക് നേരെ മലബാര്‍ മേഖലയില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. ഇന്നലെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ് നടന്നിരുന്നു. 3.43നു ട്രെയിന്‍ തലശ്ശേരി പിന്നിട്ട ശേഷമായിരുന്നു സംഭവം. സി 8 കോച്ചിന്റെ ചില്ല് തകര്‍ന്ന് ഗ്ലാസ് ചീളുകള്‍ അകത്തേക്കു തെറിച്ചു. യാത്രക്കാര്‍ക്കു പരുക്കില്ല. രണ്ടു പാളികളുള്ള ഗ്ലാസാണ് ഏസി കോച്ചിന്റേത്. ഭാരമേറിയ കല്ലുകൊണ്ടുള്ള ഏറില്‍ രണ്ടു പാളികളും തകര്‍ന്നാണ് ഗ്ലാസ് ചീളുകള്‍ കോച്ചിനുള്ളിലേക്കു വീണത്. ആര്‍പിഎഫ് സംഘം കോച്ചില്‍ പരിശോധന നടത്തി. തകര്‍ന്ന ഭാഗം പ്ലാസ്റ്റിക് ടേപ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ട്രെയിന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ഉള്‍പ്പെടെയുള്ളവരും കോച്ചില്‍ പരിശോധന നടത്തി.

15നു രാത്രി കണ്ണൂര്‍ – യശ്വന്ത്പുര (16528) എക്സ്പ്രസിനു നേരെ കോഴിക്കോടിനും കല്ലായിക്കും ഇടയില്‍ കല്ലേറുണ്ടായതായി യാത്രക്കാരി പരാതിപ്പെട്ടിരുന്നു. എസ്4 കോച്ചിനു നേരെ കല്ലേറുണ്ടായി എന്നായിരുന്നു പരാതി. നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന തുരന്തോ എക്‌സ്പ്രസിന് (12284) കണ്ണപുരത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ 14നു രാവിലെ കല്ലേറുണ്ടായിരുന്നു. എന്‍ജിനില്‍ കല്ല് പതിച്ച ശബ്ദം കേട്ട് ലോക്കോ പൈലറ്റ് വിവരം റെയില്‍വേ സുരക്ഷാ സേനയെ (ആര്‍പിഎഫ്) അറിയിച്ചത്.

13നു വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ കണ്ണൂരും കാസര്‍കോട്ടുമായി മൂന്നു ട്രെയിനുകള്‍ക്കു നേരെയും കല്ലേറുണ്ടായി. കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍ മംഗളൂരു – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12686) ട്രെയിനിനും കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ നേത്രാവതി എക്‌സ്പ്രസ് (16346) ട്രെയിനിനും കല്ലേറുകൊണ്ട് എസി കോച്ചുകളുടെ ഗ്ലാസുകള്‍ പൊട്ടിയിരുന്നു. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ ഓഖ എക്‌സ്പ്രസില്‍ (16337) ജനറല്‍ കോച്ചിനു നേരെയും കല്ലേറുണ്ടായി. കോച്ചിനുള്ളിലേക്ക് കല്ലു പതിച്ചെങ്കിലും ഭാഗ്യത്തിന് യാത്രക്കാര്‍ക്ക് പരുക്കേറ്റില്ല.

അതേസമയം, ആര്‍പിഎഫും റെയില്‍വേ പൊലീസും അന്വേഷണം ഊര്‍ജിതമാക്കുകയും സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ വഴി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുമുണ്ട്. ഇതുവരെ ആരും പിടിയിലായിട്ടില്ല. ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ കല്ലേറ് നടന്നതും തുടര്‍ച്ചയായ ദിവസങ്ങളില്‍ ട്രെയിനുകള്‍ക്ക് കല്ലെറിയുന്നതും അതീവഗൗരവമായാണ് കാണുന്നതെന്ന് ആര്‍പിഎഫ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group