Join News @ Iritty Whats App Group

പ്രതീക്ഷയുടെ ചിങ്ങപ്പുലരി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ

ഇന്ന് ചിങ്ങം ഒന്ന്. പറനിറയ്ക്കുന്ന ചിങ്ങം. പൊന്നിൻ നിറമുള്ള നെന്മണികളിലൂടെ ഐശ്വര്യം വിളയുന്ന മാസത്തെ പൊന്നിൻ ചിങ്ങമെന്ന് സ്നേഹത്തോടെ വിളിച്ചു മലയാളി. പഞ്ഞക്കർക്കിടകത്തിന്റെ കലക്കവും നെന്മണികളുടെ തിളക്കവും പഴയപോലെയില്ലെങ്കിലും ചിങ്ങത്തിന്റെ ഐശ്വര്യത്തിന് കുറവില്ല.

ഓണനാളുകളുടെ ആഹ്ളാദവും ആവേശവും ഏതു കാലത്തും ഒരുപോലെയാണല്ലോ. പൂവിളികളുമായി കുട്ടികൾ പൂപറിക്കുന്നതും പൂക്കളമിടുന്നതും നാട്ടിൻപുറങ്ങളിൽ നിന്ന് പൂർണമായും അന്യം നിന്നിട്ടില്ല. മഴ മാറിനിന്ന കർക്കിടകമാണ് കഴിഞ്ഞതെങ്കിലും പാടത്തും തൊടികളിലും പൂക്കൾ പുഞ്ചിരിക്കുന്നുണ്ട്. ഓണത്തിന് ദിവസങ്ങളെണ്ണി ഒരുക്കങ്ങൾ തുടങ്ങുകയാണ് നമ്മൾ.

കൊല്ലവർഷം പിറക്കുന്ന ചിങ്ങത്തെ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും മാസമായാണ് കണക്കാക്കുന്നത്. ചിങ്ങം ഒന്ന് മലയാളിക്ക് കർഷക ദിനം കൂടിയാണ്. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.

കർഷകർക്ക് പ്രതീക്ഷയായി ‘കാബ് കോ’

കാർഷികോത്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയും കർഷകർക്ക് മികച്ച വരുമാനവും ലക്ഷ്യമിട്ടാണ് കൃഷി വകുപ്പ് കേരള അഗ്രോ ബിസിനസ് കമ്പനി(കാബ് കോ). ചിങ്ങം ഒന്നിനാണ് കാബ് കോ നിലവിൽ വരുന്നത്.

33 ശതമാനം സർക്കാരിന്റെ വിഹിതവും 24 ശതമാനം കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കൂട്ടായ്മയുടെ വിഹിതവുമാണ് ഉള്ളത്. കൃഷി മന്ത്രി പി പ്രസാദ് ചെയർമാനും കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് എംഡിയുമായാണ് കാബ് കോ രൂപീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പത്ത് ഡയറക്ടർമാരാണ് ബോർഡിലുള്ളത്.

പത്ത് കോടി രൂപയാണ് മൊത്തം വരിസംഖ്യ വരുമാനം. ഇതിൽ സർക്കാരിന്റെ പങ്കാളിത്തം 3.3 കോടി രൂപയാണ്. സർക്കാർ വിഹിതം ഭൂമി മാത്രമായിരിക്കും. ഇതിന് ആവശ്യമായ ഭൂമി കാബ് കോയ്ക്ക് കൈമാറും. ബിസിനസിനായുള്ള പ്രധാന നിക്ഷേപം ഓഹരി ഉടമകളിൽ നിന്നാണ് സമാഹരിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group