Join News @ Iritty Whats App Group

"എന്താണ് എഫ്ഐആർ': "ഇത്തിരിനേരം ഒത്തിരി കാര്യം' ക്യാമ്പയിനിലൂടെ വ്യക്തമാക്കി കേരള പൊലീസ്

"എന്താണ് എഫ്ഐആർ': "ഇത്തിരിനേരം ഒത്തിരി കാര്യം' ക്യാമ്പയിനിലൂടെ വ്യക്തമാക്കി കേരള പൊലീസ്

തിരുവനന്തപുരം > എന്താണ് എഫ്ഐആർ എന്നും എങ്ങനെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതെന്നും വിശദീകരിച്ച് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ദൈനംദിന ക്യാമ്പയിനിലൂടെയാണ് പൊലീസ് എഫ്ഐആറിനെ കുറിച്ച് വിശദമാക്കിയത്. പൊലീസ് നൽകുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ ചിങ്ങം ഒന്നുമുതലാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചത്.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ, സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം, ആക്സിഡൻറ് ജിഡി എൻട്രി എങ്ങനെ ലഭിക്കും, ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് അഥവാ എഫ്ഐആർ എന്നാൽ എന്ത്, അതെങ്ങനെ ലഭിക്കും എന്നിങ്ങനെ ദൈനംദിന ജീവിതത്തിൽ ജനങ്ങൾക്ക് ആവശ്യമായി വരുന്ന പൊലീസ് സേവനങ്ങളെക്കുറിച്ചും അവ സുഗമമായി ലഭിക്കുന്ന മാർഗങ്ങളെ ക്കുറിച്ചും വളരെ ലളിതമായി പറഞ്ഞുതരുന്നതാണ് പൊലീസിന്റെ ഈ ക്യാമ്പയിൻ. തട്ടിപ്പുകൾക്കെതിരെയും കുറ്റകൃത്യങ്ങൾക്കെതിരെയും ക്യാമ്പയിനിലൂടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

എല്ലാ ദിവസവും വൈകീട്ട് നാലിന് പൊലീസിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ എന്നതായിരുന്നു ആദ്യ ദിവസത്തെ വിഷയം. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട രീതി രണ്ടാമത്തെ ദിവസവും ആക്സിഡന്റ് ജിഡി ലഭിക്കേണ്ട മാർ​ഗം കഴിഞ്ഞ ​ദിവസവും പങ്കുവെച്ചിരുന്നു. എന്താണ് എഫ് ഐ ആർ എന്നതായിരുന്നു ഇന്നത്തെ പോസ്റ്റ്.

പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ് ഐ ആറിന് വളരെ പ്രാധാന്യമുണ്ട്. പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം.

ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പോലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്. ഒപ്പിട്ടുനൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പോലീസ് സ്റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പോലീസ് സ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും.

ഐ ടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്. ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പോലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്.

എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapolice.gov.in) നിന്ന് എഫ് ഐ ആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group