Join News @ Iritty Whats App Group

കൂടുതല്‍ പാര്‍ട്ടികള്‍ 'ഇന്ത്യ'യിലെത്തും, മുംബൈ യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയാകും: നിതീഷ് കുമാര്‍

പട്ന: 'ഇന്ത്യ' സഖ്യത്തിലേക്ക് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. എന്നാല്‍ ഏതെല്ലാം പാര്‍ട്ടികളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 'ഇന്ത്യ'യുടെ അടുത്ത യോഗത്തില്‍ സീറ്റ് വിഭജനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് നിതീഷ് കുമാര്‍. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും ചില പാര്‍ട്ടികള്‍ സഖ്യത്തില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഇവയെല്ലാം പ്രാദേശിക പാര്‍ട്ടികളാണെന്നും അദ്ദേഹം വിശദീകരിച്ചു. 'ഇന്ത്യ' സഖ്യത്തിന്‍റെ മുംബൈയിൽ നടക്കുന്ന യോഗത്തിൽ പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. സീറ്റ് വിഭജനം ഉള്‍പ്പെടെ ചര്‍ച്ചയാകും. മറ്റു പല അജണ്ടകള്‍ക്കും അന്തിമരൂപം നല്‍കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.  

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാർട്ടികളെ ഒന്നിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ആ ദിശയിലാണ് പ്രവർത്തിക്കുന്നത്. തനിക്കിതിലൂടെ വ്യക്തിപരമായി ഒന്നും വേണ്ട. മുംബൈയിലെ യോഗത്തില്‍ പങ്കെടുക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യ സഖ്യത്തില്‍ നിലവില്‍ 26 പാര്‍ട്ടികളാണുള്ളത്. ഒരു മാസത്തിനുള്ളിൽ രണ്ടു തവണ സഖ്യം യോഗം ചേർന്നു. ആദ്യ യോഗം ജൂൺ 23ന് പട്‌നയിലും രണ്ടാമത്തെ യോഗം ജൂലൈ 17-18 തിയ്യതികളില്‍ ബെംഗളൂരുവിലും നടന്നു. ബെംഗളൂരുവിലെ യോഗത്തിലാണ് സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്ന് പേരിട്ടത്. അടുത്ത യോഗം മുംബൈയില്‍ ആഗസ്ത് 31, സെപ്തംബർ 1 തിയ്യതികളിൽ ചേരും.

Post a Comment

Previous Post Next Post
Join Our Whats App Group