Join News @ Iritty Whats App Group

കേന്ദ്ര അവഗണന; കേരളത്തിനുവേണ്ടി നിലകൊള്ളാൻ യുഡിഎഫ്‌ തയ്യാറാകണം: ധനമന്ത്രി


തിരുവനന്തപുരം > കേന്ദ്രം കേരളത്തോട് കാണിക്കുന്ന നീതിരഹിതമായ സമീപനത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്താൻ യുഡിഎഫ് തയ്യാറാകണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽനിന്നുള്ള 20 എംപിമാരിൽ 18 പേരും യുഡിഎഫാണ്. കേരളത്തിന് അർഹമായത് കിട്ടണമെന്ന് പറയാൻ ഈ എംപിമാരും യുഡിഎഫ് നേതൃത്വവും തയ്യാറാകണം.

കേരളത്തിനുള്ള വിഹിതത്തിൽ വൻവെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. ഇതുകാരണമുള്ള സാമ്പത്തിക ഞെരുക്കമുണ്ട്. എന്നിട്ടും സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ കാര്യങ്ങൾ നിർവഹിക്കാനായി. കേരളത്തെ സാമ്പത്തികമായി തകർക്കാൻ ആര് ആഗ്രഹിച്ചാലും നടക്കില്ല. കേരളത്തിന്റെ സാമ്പത്തികരംഗം ഏറ്റവും കൂടുതൽ വളർച്ചയുണ്ടാക്കിയ ഘട്ടമാണിത്. 2021-–-2023 കാലയളവിൽ 53 ശതമാനത്തിന്റെ സാമ്പത്തിക വളർച്ചയാണുണ്ടായത്. വർഷം ശരാശരി 11 മുതൽ 12 ശതമാനം വരെയായിരുന്നതാണ് 25 ശതമാനത്തിലെത്തിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ വരുമാനമാണിത്.

1971 ലെ ജനസംഖ്യ അനുസരിച്ച് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം വീതംവയ്ക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 2011 ലെ സെൻസസ് അനുസരിച്ച് വിഹിതം നിശ്ചയിക്കുമ്പോൾ ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതുമൂലം വിഹിതം കുറയുകയാണ്. ട്രഷറിയിലെ നിയന്ത്രണം ഈ മാസം കഴിയുമ്പോൾ നീക്കാനാകും. ലോട്ടറി ക്ഷേമനിധി തൊഴിലാളികൾക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യം തിങ്കളാഴ്ചതന്നെ ലഭിക്കും. തുടർച്ചയായി അവധികൾ വരുന്നതിനാൽ എടിഎമ്മുകളിൽ ആവശ്യത്തിന് പണം നിറയ്ക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group