Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇനിയും തുടങ്ങാതെ കാര്‍ഗോ സര്‍വീസ്


മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ചരക്ക് വിമാന സര്‍വ്വീസിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതിസന്ധി തുടരുന്നു.

ഷെഡ്യൂള്‍ പ്രകാരം കണ്ണൂരില്‍ നിന്നുളള മൂന്നാമത്തെ വിമാനം ബുധനാഴ്ച്ച പുറപ്പെടേണ്ടതായിരുന്നു. 27-വരെയാണ് ഷെഡ്യൂള്‍ഡ് വിമാനസര്‍വീസ് നിശ്ചയിച്ചിരുന്നത്. ബംഗ്‌ളൂരിലെത്തിയ വിമാനം സാങ്കേതിക കാരണത്തെ തുടര്‍ന്ന് ആദ്യ കാര്‍ഗോ സര്‍വീസും ഉദ്ഘാടനവും നടത്താന്‍ നിശ്ചയിച്ചിരുന്ന ഓഗസ്റ്റ് 19-നും സര്‍വീസ് നടത്തിയിരുന്നില്ല. ഇതോടെ കണ്ണൂരില്‍ നിന്നും ഗള്‍ഫ് നാട്ടിലേക്കുളള പഴങ്ങള്‍, പച്ചക്കറികള്‍, ഇലകള്‍ ഉള്‍പ്പെടെ യാത്രാവിമാനത്തില്‍ കയറ്റിവിട്ടാണ് താല്‍ക്കാലികമായി പ്രശ്‌നംപരിഹരിച്ചത്.

ദോഹ, ഷാര്‍ജ, കുവൈത്ത് എന്നിവടങ്ങളിലേക്കായിരുന്നു അടുത്ത അഞ്ചുവര്‍ഷത്തെ വിമാനസര്‍വീസ്. കൊച്ചിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്രാവിഡന്‍ ഏവിയേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബിനിയാണ് കാര്‍ഗോ സര്‍വീസ് നടത്താന്‍ മുന്‍പോട്ടു വന്നത്. സര്‍വീസ് പുനരാരംഭിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് കിയാല്‍ അധികൃതര്‍ പറയുന്നത്. സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് ഏറെ ആശ്വാസകരമാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് കാര്‍ഗോ വിമാനസര്‍വീസ്. എന്നാല്‍ സാങ്കേതികനൂലാമാലയില്‍ കുടുങ്ങി അതു തുടങ്ങുന്നതു വൈകുന്നത് കണ്ണൂരിലെ വാണിജ്യ, വ്യാപാര ടൂറിസം മേഖലയെയും നിരാശരാക്കിയിട്ടുണ്ട്.

കാര്‍ഗോ സര്‍വീസിന്റെ മുന്‍പോട്ടുപോക്കിനുളള സഹായം തേടി ഓഗസ്റ്റ് 16ന്കിയാല്‍, ദ്രാവിഡന്‍ കമ്ബിനി അധികൃതര്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഗോ സര്‍വീസിനുളള മുഴുവന്‍ സഹായവും ചേംബര്‍ ഓഫ് കൊമേഴ്‌സ് വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതിനിടെ ഇടിത്തീപോലെ സാങ്കേതിക തകരാര്‍ വില്ലനായി മാറിയത്.സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വച്ച്‌ ഏറ്റവും വലിയ കാര്‍ഗോ കോംപ്ലെക്സ് ആണ് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും ഇനിയും ചരക്കുനീക്കം നടത്താന്‍ കഴിയാത്തത് കണ്ണൂരിലെ വാണിജ്യമേഖലയെ നിരാശരാക്കിയിട്ടുണ്ട്. കൊച്ചിയെയും മംഗളൂരിനെയുമാണ് ഇവര്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഇത് കണ്ണൂരിലെ തനതു ഉല്‍പന്നമായ കൈത്തറിമേഖലയ്ക്കു ചരക്കുകടത്ത് കൂലി വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമെഴസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ചരക്കുനീക്കം ശക്തമാക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group