Join News @ Iritty Whats App Group

ഫ്രാഞ്ചൈസി തട്ടിപ്പ്: കണ്ണൂരില്‍ കുടുങ്ങിയത് 20 പേര്‍


ഇരിട്ടി: പഞ്ചായത്തുകള്‍ തോറും ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തൃക്കാക്കര വള്ളത്തോള്‍ ജംഗ്ഷനിലെ റിംഗ്സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് ലക്ഷങ്ങള്‍ തട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇരിട്ടി മണിക്കടവ് സ്വദേശി ജോബി തോമസ് ഉളിക്കല്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. പുന്നാട് സ്വദേശി വിനോദും സമാനമായ തട്ടിപ്പില്‍ കുടുങ്ങി മുഴക്കുന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജില്ലയില്‍ 20 പേര്‍ സമാനരീതിയില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമ്ബനി മാനേജിംഗ് ഡയറക്ടമാരായ ജയ്സണ്‍ ജോയി അറക്കല്‍, ജാക്സണ്‍ ജോയി അറക്കല്‍, ജീവനക്കാരനായ ഷിനാജ് ഷംസുദീൻ എന്നിവര്‍ ഇപ്പോള്‍ റിമാൻഡിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. 

ഇറച്ചി വ്യാപാരത്തിനും മറ്റ് ഓണ്‍ലൈൻ വ്യാപാരത്തിനുമായി പഞ്ചായത്തുകള്‍ തോറും ഫ്രാഞ്ചൈസി നല്‍കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മൂന്നു ലക്ഷം മുതല്‍ ആദ്യം കന്പനിയില്‍ ഡിപ്പോസിറ്റ് നല്‍കണം. ഡിപ്പോസിറ്റ് നല്‍കിയവര്‍ക്ക് കമ്ബനി 290 രൂപയ്ക്ക് ഇറച്ചി നല്‍കാമെന്നായിരുന്നു എഗ്രിമെന്‍റ്. കമ്ബനി അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം മാസം നല്ലൊരു തുക ലാഭം ലഭിക്കുമെന്ന വിശ്വാസത്തില്‍ നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്. 

കമ്ബനി നല്‍കിയ ഇറച്ചിയില്‍ കൊഴുപ്പും ഉപയോഗിക്കാൻ കഴിയാത്ത ഭാഗങ്ങളും വന്നതോടെ വില്പന നടത്തിയ ഇറച്ചി ഫ്രാഞ്ചൈസികള്‍ തിരിച്ചെടുക്കേണ്ടതായി വന്നതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. കമ്ബനിക്ക് നഷ്ടം വരുത്തിയെന്ന് കാണിച്ച്‌ ഫ്രാഞ്ചൈസികള്‍ക്ക് വക്കീല്‍ നോട്ടീസ് വന്നതോടെയാണ് ഉടമകള്‍ പലരും പരാതിയുമായി എത്തിയത്. 

ജില്ലയില്‍ 20 ഫ്രാഞ്ചൈസികളാണ് നിലവിലുള്ളത്. അതില്‍ അഞ്ച് ഫ്രാഞ്ചൈസികള്‍ കമ്ബനിക്ക് എതിരെ പോലീസില്‍ പരാതി നല്കി കഴിഞ്ഞു. പണം ഇടപാടുകള്‍ ബാങ്ക് വഴിയാണ് നടത്തിയതെന്നും ആദ്യ കാലങ്ങളില്‍ പലര്‍ക്കും വാടക ഇനത്തില്‍ പണം കൃത്യമായി നല്‍കിയിരുന്നുവെന്നും ഗോവയില്‍ നിന്നും എത്തിച്ച മോശം ഇറച്ചി നല്‍കിയതാണ് പ്രശ്നം വഷളാകാൻ കാരണമെന്നുമാണ് പരാതിക്കാര്‍ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group