Join News @ Iritty Whats App Group

മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞ് 19,400 ലിറ്റർ ഡീസൽ ചോർന്നു, മൂന്നാം ദിവസം കിണറ്റിൽ വെള്ളം നിന്ന് കത്തി

മലപ്പുറം: അങ്ങാടിപ്പുറം പരിയാപുരം ചിരട്ടമാല ഭാഗത്ത് ഡീസൽ ടാങ്കർ ലോറി അപകടം നടന്ന് മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം. മോട്ടോർ ഉപയോഗിച്ച് ചൊവ്വാഴ്ച വെള്ളം പമ്പിങ് നടത്താൻ തുടങ്ങിയതോടെയാണ് വെള്ളം കത്തിത്തുടങ്ങിയത്. മുപ്പതോളം അന്തേവാസികളും സിസ്റ്റർമാരുമുള്ള പരിയാപുരം കോൺവെന്റിന്റെ കിണറാണ് മണിക്കൂറുകൾ നിന്ന് കത്തിയത്. കോൺവെന്റിലേക്ക് ചൊവ്വാഴ്ച രാവിലെ എട്ടോടെ വെള്ളമെടുക്കാൻ മോട്ടോർ ഓൺ ചെയ്ത സമയത്ത് തീപടരുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞ് പുറത്തേക്ക് ആ ളിയപ്പോഴാണ് സമീപത്തുള്ളവർ കാണുന്നത്. ഞായറാഴ്ച പുലർച്ചെ നാലിന് ഇതിന് 400 മീറ്ററോളം സമീപം ഡീസൽ കയറ്റി വന്ന ടാങ്കർ ലോറി 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് വൻതോതിൽ ഡീസൽ ചോർന്നിരുന്നു. 20,000 ലിറ്ററുള്ള ടാങ്കിൽ നിന്ന് 19,400 ലീറ്ററും ചോർന്നു.

ചോർന്ന ഡീസൽ മണ്ണിൽ പരന്ന് കിണറ്റിൽ കലർന്നാണ് തീപിടിച്ചത്. അപകടം നടന്നതിന് 200 മീറ്റർ സമീപം കൊള്ളറേറ്റ് മറ്റത്തിൽ ബിജു ജോസഫിന്റെ കിണറ്റിലും വൻതോതിൽ ഡീസലെത്തി. വെള്ളത്തിന് മുകളിൽ മൂന്നുമീറ്റർ വരെ ഇതിൽ ഡീസലുള്ളതായാണ് പറയുന്നത്. ഈ കിണറ്റിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ഡീസൽ ശേഖരിച്ചു. ഇത് നിലത്തൊഴിച്ച് കത്തിച്ചപ്പോഴും ഏറെനേരം കത്തി. എറണാകുളത്ത് നിന്ന് കൊണ്ടോട്ടിയിലെ പമ്പിലേക്ക് അങ്ങാടിപ്പുറത്ത് നിന്ന് പരിയാപുരം വഴി ചിരട്ടമല റോഡിലൂടെ കടന്നുപോവുമ്പോഴാണ് സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്ത് ടാങ്കർ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group