Join News @ Iritty Whats App Group

'പുതപ്പുകൊണ്ട് പുതച്ചായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍, ആ കാഴ്ച ഭയാനകമായിരുന്നു'; കാരണം തേടി പോലീസ്


'പുതപ്പുകൊണ്ട് പുതച്ചായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍, ആ കാഴ്ച ഭയാനകമായിരുന്നു'; കാരണം തേടി പോലീസ്

മലപ്പുറം: മുണ്ടുപറമ്ബ് മൈത്രി നഗറില്‍ വാടകവീട്ടില്‍ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മക്കളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം ദമ്ബതിമാര്‍ ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. മൃതദേഹ പരിശോധനാഫലവും ഇത് ശരിവെക്കുന്നു.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്ത സാഹചര്യത്തില്‍ മരണകാരണം വ്യക്തമായിട്ടില്ല. മക്കളുടെ ഗുരുതരരോഗമാണ് ജീവനൊടുക്കാൻ കാണമെന്നാണ് ബന്ധുക്കളുള്‍പ്പെടെ പറയുന്നത്. ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ട്കുന്നുമ്മല്‍ സബീഷ്(37), ഭാര്യ കണ്ണൂര്‍ തളിപ്പറമ്ബ് വരഡൂല്‍ സ്വദേശി ചെക്കില്‍ ഷീന(38), മക്കളായ ഹരിഗോവിന്ദ്(ആറ്), ശ്രീവര്‍ദ്ധൻ(രണ്ടര) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം 
മലപ്പുറം വാറങ്കോട്ടുള്ള എസ്.ബി.ഐ.യുടെ വായ്പകള്‍ പരിശോധിക്കുന്ന ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു ഷീന. കഴിഞ്ഞദിവസം മാനേജരായി സ്ഥാനക്കയറ്റംകിട്ടി കണ്ണൂരിലെ ഏഴിമല ശാഖയില്‍ ചുമതലയേറ്റിരുന്നു. സബീഷും ഷീനയും അടുത്തടുത്ത മുറികളില്‍ ഫാനില്‍ത്തൂങ്ങി മരിച്ച നിലയിലായിരുന്നു. സബീഷ് മരിച്ചമുറിയില്‍ കട്ടിലിലായിരുന്നു ശ്രീവര്‍ദ്ധന്റെ മൃതദേഹം. ഹരിഗോവിന്ദന്റെ മൃതദേഹം നിലത്ത് കിടക്കയിലായിരുന്നു.

വ്യാഴാഴ്ച പകല്‍ സബീഷും ഷീനയും അവരുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഇരുവരുടെയും സംസാരത്തില്‍ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്ന് അവര്‍ പറയുന്നു. മൂത്തമകൻ ഹരിഗോവിന്ദിന് ഗുരുതരരോഗം സ്ഥിരീകരിച്ചിരുന്നു. അതിന്റെ ചികിത്സയുമായി മുന്നോട്ടുപോകുമ്ബോഴാണ് ഇളയ മകൻ ശ്രീവര്‍ദ്ധനും സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇളയ കുട്ടിയുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നൂവെന്ന് കരുതുന്നു. രാത്രി കുടുംബക്കാര്‍ ഷീനയെ ഫോണില്‍വിളിച്ച്‌ കിട്ടാതായതിെനത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയില്‍ വീട്ടിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. അകത്തുനിന്നു പൂട്ടിയിരുന്ന അടുക്കളവാതില്‍ പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. മുൻവശത്തെ വാതിലും അകത്തുനിന്ന് പൂട്ടിക്കിടന്നതിനാല്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് പോലീസ് അനുമാനം.

വീട് മാറാൻഒരുങ്ങുന്നതിനിടെ...

കണ്ണൂര്‍ ഏഴിമല എസ്.ബി.ഐ. ബ്രാഞ്ച് മാനേജരായി കഴിഞ്ഞദിവസം ഷീന ചുമതലയെടുത്തതിനെത്തുടര്‍ന്ന് മലപ്പുറത്തുനിന്ന് താമസംമാറാൻ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് നാടിനെ ഞെട്ടിച്ച കൂട്ടമരണം നടന്നത്. വീട്ടില്‍ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും അടുക്കിവെച്ചനിലയിലാണ്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. കുട്ടിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് സ്കൂളില്‍നിന്ന് കഴിഞ്ഞദിവസം വാങ്ങിയിരുന്നു.

മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി നാലു മൃതദേഹങ്ങളും ഷീനയുടെ നാടായ കണ്ണൂര്‍ തളിപ്പറമ്ബിലേക്ക് കൊണ്ടുപോയി. അവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം രാത്രി മൃതദേഹങ്ങള്‍ സബീഷിന്റെ നാടായ കോഴിക്കോട് കുറ്റിക്കാട്ടൂരിലെത്തിച്ചു. ശവസംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിനു വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

കാരാട്ട്കുന്നുമ്മല്‍ ബാബുവിന്റെയും വസന്തയുടെയും മകനാണ് സബീഷ്. സുബിത, ബബിത, പരേതയായ സബിത എന്നിവര്‍ സഹോദരങ്ങളാണ്.

ചെക്കില്‍ നാരായണന്റെയും ജാനകിയുടെയും മകളാണ് ഷീന. സഹോദരങ്ങള്‍: അഡ്വ. സതീശൻ(പബ്ലിക് പ്രോസിക്യൂട്ടര്‍, കണ്ണൂര്‍), സോന (കെ.എസ്.ആര്‍.ടി.സി. ക്ലാര്‍ക്ക്, കണ്ണൂര്‍).

'ആ കാഴ്ച ഭയാനകമായിരുന്നു'


മലപ്പുറം: രാത്രി 12-ഓടെയാണ് മലപ്പുറം പോലീസും പോലീസ് ട്രോമാകെയര്‍ വൊളന്റിയര്‍മാരും മുണ്ടുപറമ്ബ് മൈത്രിനഗറിലെ സബീഷിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ ആളനക്കം കാണാതായപ്പോള്‍ എസ്.ഐ. വേലായുധനും സി.പി.ഒ. ജിജിനും അടുക്കളയുടെ വാതിലിന്റെ ലോക്ക് തകര്‍ത്ത് അകത്തുകയറി. വീടിനകത്ത് ഈ സമയം വെളിച്ചമുണ്ടായിരുന്നു.

വീടിനകത്തു കണ്ട കാഴ്ച ഭയാനകമായിരുന്നുവെന്ന് ട്രോമാകെയര്‍ വൊളന്റിയര്‍ പറമ്ബൻ കുഞ്ഞു പറഞ്ഞു. സബീഷ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍. മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ദ്ധൻ എന്നിവര്‍ അതേ മുറിയില്‍ രണ്ടു കിടക്കകളിലായി മരിച്ചുകിടക്കുന്നു. ഭാര്യ ഷീന അടുത്ത മുറിയിലും തൂങ്ങിയ നിലയില്‍.

'കുട്ടികള്‍ മരിച്ചുകിടക്കുന്ന രംഗം മനസ്സിനെ വല്ലാതെ ഉലച്ചു. പുതപ്പുകൊണ്ട് പുതച്ചായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍. ആത്മഹത്യയാണ് എന്ന സംശയത്തില്‍ പോലീസും ഞങ്ങളും വീട് മുഴുവൻ ആത്മഹത്യാകുറിപ്പ് പരിശോധിച്ചു. പക്ഷേ, ഒന്നും കിട്ടിയില്ല'- കുഞ്ഞു പറഞ്ഞു. അദ്ദേഹത്തോടൊപ്പം ട്രോമാകെയറിന്റെതന്നെ വൊളന്റിയര്‍മാരായ ഷാജി വാറങ്കോട്, മുനീര്‍ പൊന്മള, ഇംതിയാസ് കൈനോട് എന്നിവരും സിവില്‍ ഡിഫൻസ് വൊളന്റിയര്‍മാരും ഉണ്ടായിരുന്നു.

പോലീസുദ്യോഗസ്ഥരും വൊളന്റിയര്‍മാരും ഞെട്ടലിലായിരുന്നു കുറച്ചുനേരം. പതുക്കെ എല്ലാവരും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് മറ്റു നടപടിക്രമങ്ങളിലേക്ക് കടന്നു.


Post a Comment

Previous Post Next Post
Join Our Whats App Group