വ്യാജ ലഹരിക്കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയില്‍ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവിട്ടത്. കേസ് റദ്ദാകുന്നതോടെ എക്സൈസ് പിടിച്ചെടുത്ത ബൈക്കും ഫോണും ഷീലാ സണ്ണിയ്ക്ക് തിരികെ ലഭിക്കും. അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളും എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഇൻസ്പെക്ടറായ കെ സതീശനെ കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് എൽഎസ്ഡി (ലഹരി സ്റ്റാമ്പ്) അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കണ്ടെത്തല്‍. എക്സൈസ് കമ്മീഷണറാണ് നടപടിക്ക് ഉത്തരവിട്ടത്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികളുണ്ടാകും.
കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്. ബാഗിൽ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ് പിടിച്ചെന്ന കേസിൽ ഷീല സണ്ണി 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. എന്നാൽ, ലാബ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ എക്സൈസ് പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. . ഷീലയുടെ പക്കൽ നിന്ന് 12 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തിയെന്നായിരുന്നു കേസ്. ഇതിൽ ഒന്നിന്ന് 5000 രൂപമുകളിൽ വില വരും എന്നായിരുന്നു എക്സൈസ് അറിയിച്ചിരുന്നത്.
ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഷീലയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു എക്സൈസിന്‍റെ വിശദീകരണം. ലാബ് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ ഷീലയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത എക്സൈസ് സംഘം മാധ്യമങ്ങള്‍ക്ക് നല്‍കി. ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറാകാതെ ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി. രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. എല്‍എസ്ഡി സ്റ്റാംപ് എന്ന് കരുതി പിടികൂടിയത് വെറും കടലാസുകഷണങ്ങളാണെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
Post a Comment