Join News @ Iritty Whats App Group

എഞ്ചിൻ പ്രവർത്തിച്ചില്ല, വഴിയിൽ കുടുങ്ങി വന്ദേ ഭാരത് എക്സ്‌പ്രസ്; കണ്ണൂരിൽ പിടിച്ചിട്ടു, യാത്രക്കാർക്ക് ദുരിതം



കണ്ണൂർ: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയിൽ പിടിച്ചിട്ടു. ഒരു മണിക്കൂറിലേറെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പിടിച്ചിട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ വീണ്ടും പിടിച്ചിട്ടു. എഞ്ചിൻ തകരാറാണ് ട്രെയിൻ വഴിയിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം. മുൻ മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ള യാത്രക്കാർ എസി പോലും ഇല്ലാതെ ട്രെയിനിൽ ദുരിതം അനുഭവിക്കുകയാണ്.

മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. ഇലക്ട്രിക് ഡോർ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയിൽവെ പറയുന്നത്. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായി. എസി പ്രവർത്തിക്കാതെ വന്നതോടെയാണ് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ബുദ്ധിമുട്ടി. വിമാന സമയം നോക്കി ട്രെയിനിൽ കയറിയ ചിലർക്ക് വിമാനങ്ങൾ കിട്ടാത്ത സ്ഥിതിയായെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

ട്രെയിനിനകത്ത് എസി പ്രവർത്തിക്കുന്നില്ലെന്ന് ഷിബു ബേബി ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിമാനത്തിൽ പോകാനായി ടിക്കറ്റെടുത്ത യാത്രക്കാർ ഡോറിനടുത്ത് എന്ത് ചെയ്യുമെന്ന് അറിയാതെ പെട്ടിയും തൂക്കി നിൽക്കുകയാണ്. അവരോട് ഫറോക്കിൽ നിർത്താമെന്ന് ടിടി പറഞ്ഞു. എന്നാൽ ട്രെയിൻ മുന്നോട്ട് പോയാലല്ലേ നിർത്താൻ പറ്റൂ എന്നും ഷിബു ബേബി ജോൺ ചോദിച്ചു.

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഒരു മണിക്കൂറും 40 മിനിറ്റും ട്രെയിൻ ആദ്യം പിടിച്ചിട്ടിരുന്നു. പിന്നീട് സാവധാനം വണ്ടി മുന്നോട്ട് നീങ്ങി. എന്നാൽ എസി പ്രവർത്തിച്ചില്ല. തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് മുന്നോട്ട് മാറിയ ശേഷം വണ്ടി വീണ്ടും നിർത്തുകയായിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് റെയിൽവെ.

Post a Comment

Previous Post Next Post
Join Our Whats App Group