Join News @ Iritty Whats App Group

ഒഡീഷ ട്രെയിന്‍ ദുരന്തം: മൃതദേഹങ്ങള്‍ സൂക്ഷിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പൊളിച്ചുനീക്കി

സ്‌കൂള്‍ വീണ്ടും തുറന്നെങ്കിലും ക്ലാസുകളില്‍ എത്താന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറായില്ല. ഇതോടെ പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.


ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ രണ്ടിനുണ്ടായ ദാരുണമായ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം പൊളിച്ചുനീക്കി. ബാലസോര്‍ ബഹന്‍ഗ ഹൈസ്‌കൂള്‍ ആണ് പൊളിച്ചുനീക്കിയത്. അപകടത്തില്‍ മരിച്ച 288 പേരുടെ മൃതദേഹങ്ങള്‍ ഇവിടെയാണ് താത്ക്കാലികമായി സൂക്ഷിച്ചിരുന്നത്.

സ്‌കൂള്‍ വീണ്ടും തുറന്നെങ്കിലും ക്ലാസുകളില്‍ എത്താന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറായില്ല. ഇതോടെ പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സ്‌കൂളിന് കാലപ്പഴക്കമുണ്ടെന്നതും അപകടം കുട്ടികളിലും രക്ഷിതാക്കളിലും വലിയ ആഘാതം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ പൊളിച്ചുനീക്കുന്നതാണ് ഉചിതമെന്ന് ശിപാര്‍ശ നല്‍കിയിരുന്നു. ബാലസോര്‍ കലക്ടര്‍ ദട്ടാത്രയ ഭൗസഹെബ് ഷിന്‍ഡെ സ്‌കൂളിലെത്തി മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചത്.

65 വര്‍ഷം പഴക്കമുള്ളതാണ് സ്‌കൂള്‍. അപകടത്തിനുശേഷം സ്‌കൂളിലേക്ക വരാന്‍ കൊച്ചുകുട്ടികള്‍ ഭയപ്പെട്ടിരുന്നുവെന്ന പ്രധാന അധ്യാപിക പ്രമീള സ്വയ്ന്‍ പറഞ്ഞു. കുട്ടികള്‍ക്കായി ആധ്യാത്മിക പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികളുടെ ഉള്ളിലെ പേടി മാറ്റാന്‍ പൂജകള്‍ നടത്തും. അപകട സ്ഥലത്ത് രക്ഷാദൗത്യത്തില്‍ സ്‌കൂളിലെ മുതിര്‍ന്ന കുട്ടികളും എന്‍സിസി കേഡറ്റുകളും പങ്കെടുത്തിരുന്നുവെന്നും അധ്യാപിക പറഞ്ഞു.

ജൂണ്‍ രണ്ടിന് മൂന്നു ട്രെയിനുകള്‍ അപകടത്തില്‍ പെട്ട് 288 പേര്‍ കൊല്ലപ്പെടുകയും 1,100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 51 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം സാധാരണ നിലയിലായത്.

Post a Comment

Previous Post Next Post
Join Our Whats App Group