Join News @ Iritty Whats App Group

കണ്ണൂർ ട്രെയിൻ തീവയ്‌പ്പ്: കാനുമായി നിൽക്കുന്നയാളുടെ ദൃശ്യം സി.സി.ടി.വിയിൽ; അട്ടിമറി സാധ്യത മുറുകുന്നു


കണ്ണൂരിലെ നിർത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചത് സ്റ്റേഷനിലെത്തി കേവലം രണ്ടു മണിക്കൂറിനുള്ളിൽ. അധികം ശ്രദ്ധ എത്തിച്ചേരാതെ ഭാഗത്തായിരുന്നു ട്രെയിൻ നിർത്തിയിട്ടത്. സംഭവം നടക്കുമ്പോൾ ജീവനക്കാരും ഈ മേഖലയിൽ ഇല്ലായിരുന്നു. എന്നാൽ അടുത്തുള്ള ബി.പി.സി.എൽ. സ്ഥാപനത്തിന്റെ സി.സി.ടി.വിയിൽ ഒരാൾ കയ്യിൽ കാനുമായി ബോഗിയുടെ സമീപം നിൽക്കുന്ന ദൃശ്യം കാണാം.

ഇയാൾ അവിടെ നിന്നും പോയതിന്റെയും മറ്റും വിവരങ്ങൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്. പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിച്ചതാവാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാട്ടുകയുണ്ടായി. അട്ടിമറി സാധ്യത ഇതോടുകൂടി മുറുകുകയാണ്.

ബി.പി.സി.എൽ. ഇന്ധന ടാങ്ക് വളരെ അടുത്തായി ഉണ്ടായിരുന്നതും സംശയം വർധിപ്പിക്കുന്നു. എഞ്ചിനുമായി ബന്ധമില്ലാതിരുന്ന ബോഗിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാൻ സാധ്യത തീരെയില്ല. ഏറ്റവും പുറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന ട്രെയിനിന് നേരെ നടന്ന തീവയ്പ്പാണ് എന്നകാര്യം അട്ടിമറി സാധ്യത വർധിപ്പിക്കുന്നു.

ഒരു ബോഗി പൂർണമായും കത്തിനശിച്ചു. സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനാംഗങ്ങൾ എത്തിച്ചേർന്നുവെങ്കിലും പ്ലാറ്റ്‌ഫോമിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് ഏറെ തടസം സൃഷ്‌ടിച്ചു. ഇപ്പോഴും തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഇതേ ട്രെയിനിൽ തന്നെ മറ്റൊരു തീവയ്പ്പു നടന്നതിന്റെ നടുക്കുന്ന ഓർമകളുമുണ്ട്. 2014 ഒക്ടോബർ 14 പുലർച്ചെ 4.45 ഓടെ കണ്ണൂർ-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ കമ്പാർട്ടുമെന്റിൽ മദ്യക്കുപ്പിയിൽ സൂക്ഷിച്ച ദ്രാവകം ഒഴിച്ച അജ്ഞാതൻ യുവതിയെ തീകൊളുത്തിയിരുന്നു. ആക്രമണത്തിൽ 40 ശതമാനം പൊള്ളലേറ്റ ഫാത്തിമ ചികിത്സയ്ക്കിടെ മരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group