തിരുവനന്തപുരം: പുറപ്പെടുന്നതും എത്തിച്ചേരുന്നതുമൊഴികെയുള്ള എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ഒരു ട്രെയിനിന്‍റെ സ്ഥലവും മറ്റ് സൂചനകളുമുള്ള ബോർഡുകളിൽ മലയാളമില്ലെന്ന് ആക്ഷേപം. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി മംഗലാപുരം വരെ പോകുന്ന ഇന്‍റർസിറ്റി എക്സ്പ്രസിലെ ബോർഡാണ് മലയാളികളെ വലയ്ക്കുന്നത്. ട്രെയിനിന്‍റെ ബോർഡിൽ ഇന്‍റർസിറ്റി എന്ന് ഇംഗ്ലീഷിലുണ്ട്. ബാക്കി സ്ഥലങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങളെല്ലാം കന്നഡയിലും തമിഴിലും ഹിന്ദിയിലുമാണ്.
ഈ ട്രെയിൻ പുറപ്പെടുന്നത് കോയമ്പത്തൂരിൽനിന്നാണ്. ഇവിടം വിട്ടുകഴിഞ്ഞാൽ എത്തിച്ചേരുന്ന അവസാന സ്റ്റോപ്പായ മംഗലാപുരം ഒഴികെ എല്ലാ സ്റ്റോപ്പുകളും കേരളത്തിലാണ്. രാവിലെ ആറ് മണിക്ക് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ അടുത്ത സ്റ്റോപ്പ് പാലക്കാടാണ്. തുടർന്ന് ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് തുടങ്ങി കേരളത്തിലെ സ്റ്റേഷനുകൾ പിന്നിട് മംഗലാപുരം സെൻട്രൽ വരെയാണ് 22610 നമ്പർ ഇന്‍റർ സിറ്റി എക്സ്പ്രസ് സർവീസ് നടത്തുന്നത്.
തിരികെയുള്ള സർവീസിലും ഇതേ സ്റ്റോപ്പുകളിലാണ് ട്രെയിൻ നിർത്തുന്നത്. രാവിലെയും വൈകിട്ടുമായി ഓഫീസ് സമയത്ത് കേരളത്തിലൂടെ സർവീസ് നടത്തുന്ന ഈ ട്രെയിനിലെ യാത്രക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. എന്നാൽ ട്രെയിനിന്‍റെ ബോർഡ് കണ്ടാൽ മലയാളികൾ വായിക്കരുതെന്ന് നിർബന്ധമുള്ളതുപോലെ തോന്നും. മലബർ മേഖലയിൽ കൂടുതലായി ആശ്രയിക്കപ്പെടുന്ന ട്രെയിനാണിത്. ട്രെയിനിലെ ബോർഡിൽ മലയാളം ഉൾപ്പെടുത്തണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം. കുറഞ്ഞപക്ഷം ഇംഗ്ലീഷ് എങ്കിലും ഉൾപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
തമിഴ്നാട്ടിൽനിന്ന് പുറപ്പെടുന്നതുകൊണ്ടും കർണാടകത്തിൽ അവസാനിക്കുന്നതുകൊണ്ടുമാണ് കന്നഡയും തമിഴ് ഉൾപ്പെടുത്തിയതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. സാധാരണഗതിയിൽ അങ്ങനെയാണ് ഡെസ്റ്റിനേഷൻ ബോർഡുകൾ നൽകുന്നത്. കേരളത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ ബോർഡ് മലയാളത്തിലാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കോയമ്പത്തൂർ-മംഗലാപുരം ഇന്‍റർസിറ്റിയുടെ ഇടയ്ക്കുള്ള സ്റ്റോപ്പുകളെല്ലാം കേരളത്തിലായതിനാൽ ബോർഡ് മലയാളത്തിൽ കൂടി വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് റെയിൽവേയ്ക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് ഇന്‍റർസിറ്റിയിലെ സ്ഥിരംയാത്രക്കാർ.
Post a Comment