Join News @ Iritty Whats App Group

'കുബുദ്ധിക്ക് പിന്നിൽ റസ്‌തോയും ശശിയും', ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ലെന്നും കെ സുധാകരന്‍


തിരുവനന്തപുരം: തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. എം വി ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ല. ഇതുപോലുള്ള തെമ്മാടിത്തങ്ങള്‍ക്കും തോന്ന്യാസങ്ങള്‍ക്കും അറുതിവരുത്താനാണ് നിയമം. അത് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ താനൊരു പൗരനല്ലല്ലോ. എ വി ഗോവിന്ദനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും ഗോവിന്ദനെക്കൊണ്ട് മറുപടി പറയിക്കുമെന്നും സുധാകരൻ കണ്ണൂര്‍ ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പി ശശിയുടെയും ഡി വൈ എസ് പി റസ്‌തോയുടെയും കുബുദ്ധിയിലുദിച്ചതാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അതിന് സി പി എമ്മിന്റെ സഹായം ലഭിച്ചെന്നും സുധാകരന്‍ ആരോപിച്ചു.

സുധാകരന്‍റെ വാക്കുകൾ

ഒരു രാഷ്ട്രീയ നേതാവ് നടത്താന്‍ പാടില്ലാത്ത തരംതാണ പ്രസ്താവനയാണ് എം വി ഗോവിന്ദൻ നടത്തിയത്. മനുഷ്യത്വവും സംസ്‌കാരവുമുള്ള ഏതെങ്കിലും നേതാക്കള്‍ സി പി എമ്മില്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിക്ക് അകത്ത് പ്രതികരിക്കണം. നിരപരാധിയായ തന്നെ കുരുക്കാന്‍ ശ്രമിച്ചാല്‍ കാലവും ദൈവവും മറുപടി കൊടുക്കും. ഗോവിന്ദനെ മഷെന്നു വിളിക്കാന്‍ ലജ്ജ തോന്നുന്നു. ഒരു അധ്യാപകന്റെ നിലവാരം അദ്ദേഹം പുലര്‍ത്തിയില്ല. പന്തുതട്ടുന്ന കായിക അധ്യാപകനായതിനാലാണ് വസ്തുതകള്‍ അറിയാതെ പോയത്. പുരാവസ്തു കേസിലെ പരാതിക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഈ ചെറുപ്പക്കാര്‍ എന്തിന് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന അന്വേഷണത്തിലായിരുന്നു. എന്നാല്‍, ഇതിന് പിന്നില്‍ സി പി എമ്മാണെന്ന് ഇപ്പോഴാണ് മനസിലായത്. ഒരു ഭരണകൂടം ഇതുപോലെ തരംതാണ, നെറികെട്ട പ്രവര്‍ത്തനം നടത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. മനുഷ്യത്വമുള്ള രാഷ്ട്രീയനേതൃത്വത്തിന് ഇങ്ങനെ തോന്നുമോ? കെട്ടുകഥയുണ്ടാക്കി പൊതുപ്രവര്‍ത്തകനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണ്.

മോന്‍സണ്‍ മാവുങ്കലിന്റെടുത്തേക്ക് ചികിത്സയ്ക്ക് താന്‍ മാത്രമല്ല സിനിമാതാരങ്ങളും പൊലീസ് ഓഫീസര്‍മാരും പോയിട്ടുണ്ട്. സിനിമാ നടന്‍ ദേവനെ അവിടെ കണ്ടിട്ടുണ്ട്. ഉന്നതരായ മറ്റു പലരെയും അവിടെ കണ്ടിട്ടുണ്ട്. നാട്ടുവൈദ്യങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താന്‍. വയനാട്ടിലെ കേളുവൈദ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സകൊണ്ടു തനിക്ക് ഏറെ ഗുണം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോന്‍സന്റെയടുത്തു പോയത്. അയാള്‍ ചെയ്ത കാര്യങ്ങള്‍ നിയമത്തിന് മുന്‍പില്‍ അതീവ ഗുരുതരമായ തെറ്റുകളാണ്. അതിനെയൊന്നും ന്യായീകരിക്കാന്‍ കഴിയില്ല.

പോക്സോ കേസിലെ അതിജീവിതയെ താന്‍ കണ്ടിട്ടില്ല. പെണ്‍കുട്ടി തന്റെ സഹായം തേടിയിട്ടില്ല. കറുത്തിട്ടോ വെളുത്തിട്ടോയാണോ ആ കുട്ടിയെന്ന് പോലും അറിയില്ല. അതിജീവിതയുടെ ബന്ധുവിനെക്കൊണ്ട് പേര് പറയിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തന്റെ പേര് പറയാന്‍ പലരിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. താന്‍ അവിടെ പോയപ്പോള്‍ മറ്റു ചിലരും അവിടെയുണ്ടായിരുന്നു. അവരാണ് തന്നെ കുടുക്കാന്‍ പ്രവര്‍ത്തിച്ചത്. അതിന്റെ തെളിവ് ഉടനേ പുറത്തുവരും. സംസ്ഥാന സര്‍ക്കാര്‍ ശ്രേഷ്ഠ പുരസ്‌കാരം കൊടുത്ത മോന്‍സനെ താനെന്തിനാണ് മറ്റൊരു കണ്ണുകൊണ്ട് കാണേണ്ടത്. മോന്‍സന് കുറ്റബോധം ഉണ്ട്. താന്‍ വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് തന്നോട് ഫോണിലും ആളെ അയച്ചും ക്ഷമ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അന്ന് നിയമ നടപടി സ്വീകരിക്കാത്തത്.

ഈ കേസില്‍ തന്റെ പേര് ഉള്‍പ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നു. റസ്തോ എന്ന ഡി വൈ എസ് പി ഭയപ്പെടുത്തിയാണ് മോന്‍സന്റെ സഹായികളെക്കൊണ്ട് തനിക്കെതിരെ മൊഴിനല്‍കിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി പി ശശിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ കേസ് ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. സി പി എം അനുഭാവിയാണ് ഈ ഡി വൈ എസ് പി. അദ്ദേഹത്തിന്റെ പിന്‍കാല ചരിത്രം പരിശോധിച്ചാല്‍ സി പി എമ്മിന്റെ കളിപ്പാവയാണെന്ന സത്യം മനസിലാകും. ഇദ്ദേഹത്തിന് മുന്‍പ് ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സത്യാവസ്ഥ മനസിലായത് കൊണ്ടാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്യാഞ്ഞത്. എന്നാല്‍ സി പി എം വിധേയത്വം കാട്ടുന്ന റസ്‌തോ രഹസ്യമൊഴിയുടെ പേരില്‍ തന്നെ കുടുക്കാനുള്ള നീക്കം നടത്തി കേസിന്റെ ഗതിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. പി ശശിയുടെയും ഡി വൈ എസ് പി റസ്‌തോയുടെയും കുബുദ്ധിയിലുദിച്ചതാണ് തനിക്കെതിരായ വ്യാജആരോപണം. അതിന് സി പി എമ്മിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായിലിന്റെ സഹോദരന്‍ സിദിഖ് പുറായില്‍ കെ സുധാകരന് ഈ കേസില്‍ ഒരു ബന്ധവുമില്ലെന്ന് വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കി. പോസ്‌കോ കേസ് നടത്തിയ വക്കീല്‍ പറഞ്ഞിട്ടുണ്ട് ഈ കേസില്‍ സുധാകരന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന്. ക്രൈം ബ്രാഞ്ച് പോലും എം വി ഗോവിന്ദന്റെ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്. തട്ടിപ്പ് കേസില്‍ തന്റെ പേര് പറയാന്‍ ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയതായി മോന്‍സന്‍ മാവുങ്കല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അനൂപില്‍ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് ഡി വൈ എസ് പി നിര്‍ബന്ധിപ്പിച്ചെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഈ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും മാവുങ്കല്‍ പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group