Join News @ Iritty Whats App Group

മലയാളി ജീവനക്കാരന് കുറഞ്ഞ ശമ്പളം; മലയാളികളുടെ റെസ്റ്റോറന്റിന് ഓസ്ട്രേലിയ ഒരു കോടി രൂപയോളം പിഴയിട്ടു


നല്ല ശമ്പളം പ്രതീക്ഷിച്ചാണ് മലയാളികൾ നാടുവിട്ട് വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത്. നാടിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളുമൊക്കെയാണ് പലരെയും വിദേശത്തേക്ക് ജോലി തേടി പോകാൻ നിർബന്ധിതരാക്കുന്നത്. വിദേശത്ത് പല ബിസിനസുകളും ചെയ്ത് വിജയിച്ചവരും ചെറുതല്ല. എന്നാൽ ഓസ്ട്രേലിയയില്‍ നിന്നും വരുന്ന ഒരു വാര്‍ത്ത മലയാളികൾക്ക് നിരാശ സമ്മാനിക്കുന്നതാണ്.

കുറഞ്ഞ ശമ്പളത്തിന് മലയാളി ജീവനക്കാരനെ അധികനേരം പണിയെടുപ്പിച്ചു എന്ന കുറ്റത്തിന് കേരള റെസ്റ്റോറിന്റെ പിഴ ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. ന്യൂ സൗത്ത് വെയില്‍സിലെ ഇല്ലവാരയിലുള്ള കേരളാ റെസ്റ്റോറന്റിനാണ് രണ്ട് ലക്ഷം ഡോളർ പിഴ (ഏകദേശം ഒരു കോടി രൂപയോളം) വിധിച്ചത്. മലയാളിക്കും മറ്റൊരു പാകിസ്ഥാന്‍ പൗരനുമാണ് ആദിത്യ കേരള റെസ്റ്റോറന്റ് ഉടമ നഷ്ടപരിഹാരം നല്‍കേണ്ടത്. ന്യൂ സൗത്ത് വെയില്‍സിലെ വൊളംഗോംഗിലും നൗറയിലുമുള്ള ആദിത്യ കേരള റെസ്‌റ്റോറന്റിനും ഉടമ വൈശാഖ് മോഹനന്‍ ഉഷയ്ക്കുമെതിരെയാണ് ഫെഡറല്‍ കോടതി ഉത്തരവെന്ന് ‘എസ്ബിഎസ് മലയാളം’ റിപ്പോർട്ട് ചെയ്യുന്നു.

തൊഴില്‍ വിസയിലെത്തിയ മലയാളിയായ മിഥുന്‍ ഭാസി, പാകിസ്ഥാന്‍ പൗരനായ സയീദ് ഹൈദര്‍ എന്നിവരെ രണ്ടു വര്‍ഷത്തോളം ചൂഷണം ചെയ്തു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യിച്ചു, മിനിമം വേതനം നല്‍കിയില്ല, നല്‍കിയ ശമ്പളം പോലും നിര്‍ബന്ധപൂര്‍വം തിരികെ വാങ്ങി, സൂപ്പറാന്വേഷന്‍ നല്‍കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.

ശമ്പള, സൂപ്പറാന്വേഷന്‍ കുടിശിക ഇനത്തില്‍ മിഥുന്‍ ഭാസിക്ക് 93,000 ഡോളറും സയീദ് ഹൈദര്‍ക്ക് ഒരു ലക്ഷം ഡോളറും നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ഇതിനു പുറമേ, ഇരുവര്‍ക്കും റെസ്റ്റോറന്റ് ഉടമകള്‍ ഒരു ലക്ഷം ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കണം. ഓഗസ്റ്റ് 21ന് മുമ്പു തന്നെ ഈ തുക നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക ഒരുമിച്ച് നല്‍കുന്നതിന് പകരം, തവണകളായി നല്‍കിത്തീര്‍ക്കാം എന്ന് റെസ്‌റ്റോറന്‌റ് ഉടമകള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് കോടതി നിരസിച്ചു.

റെസ്‌റ്റോറന്റ് ഉടമകളുടെ സാമ്പത്തിക സ്രോതസില്‍ പരിമിതികളുണ്ടെന്ന കാര്യം മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ തവണകളായി നഷ്ടപരിഹാരം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തവണകളായി പണം നല്‍കിയാല്‍ നഷ്ടപരിഹാരം പൂര്‍ണമായി നൽകാന്‍ 16 വര്‍ഷമെങ്കിലും എടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തൊഴില്‍ വിസയിലെത്തിയ രണ്ടു ജീവനക്കാരും 2016 മുതല്‍ 2018 റെസ്‌റ്റോറന്‌റുകളില്‍ ചൂഷണം നേരിട്ടു എന്ന പരാതിയുമായാണ് രംഗത്തെത്തിയത്. ദിവസം 12 മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണമായിരുന്നുവെന്നും, എന്നാല്‍ ആകെ 38 മണിക്കൂറിന്റെ ശമ്പളം മാത്രമാണ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. ഇത്തരത്തില്‍ നല്‍കുന്ന ശമ്പളം പോലും പണമായി തിരികെ വാങ്ങുമായിരുന്നു എന്നാണ് ആരോപണം.

വിസ സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലും, നികുതി അടയ്ക്കണം എന്ന പേരിലുമെല്ലാം റെസ്റ്റോറന്‌റ് ഉടമകള്‍ പണം തിരികെ വാങ്ങിയതായും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇരുവരുടെയും പരാതിയെത്തുടര്‍ന്ന റെസ്റ്റോറന്റിന്റെ സ്വത്തുക്കള്‍ നേരത്തേ ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group