Join News @ Iritty Whats App Group

ആധാറും പാനും ബന്ധിപ്പിച്ചോ? ജൂണ്‍ 30ന് മുമ്പ് ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?


നിങ്ങൾ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചോ? ജൂണ്‍ 30 ആണ് ഇവ രണ്ടും ബന്ധിപ്പിക്കുനതിനുള്ള അവസാന തീയതി. പാന്‍കാര്‍ഡ് ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ”1961ലെ ആദായ നികുതി നിയമം അനുസരിച്ച് പ്രത്യേക വിഭാഗത്തില്‍പ്പെടുന്നവര്‍ ഒഴികെയുള്ള എല്ലാവരും പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം,’ എന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ്

ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കലിൽ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ആരെല്ലാം?

പാന്‍കാര്‍ഡ്-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കലില്‍ നിന്ന് ചില വിഭാഗം ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. 2017ല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ആസാം, ജമ്മു കശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, പ്രവാസികള്‍, 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍, ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ എന്നിവരെ പാന്‍കാര്‍ഡ് – ആധാര്‍ കാര്‍ഡ് എന്നിവ ബന്ധിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാന്‍കാര്‍ഡ് എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാം?

പിഴ അടയ്ക്കാതെ സൗജന്യമായി ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയാണ് ജൂണ്‍ 30. അതിന് ശേഷവും ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കാവുന്നതാണ്. എന്നാല്‍ 1000 രൂപ പിഴ നല്‍കേണ്ടി വരും. എങ്ങനെയാണ് ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നത് എന്ന് നോക്കാം.

1. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫീസ് അടയ്ക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ എന്‍എസ്ഡിഎല്‍ പേജ് ഓപ്പണ്‍ ആകും.
2. പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് നല്‍കാന്‍ ലഭിക്കുന്ന ഓപ്ഷനില്‍ നിന്ന് ചലാന്‍ നമ്പര്‍ ഐടിഎന്‍എസ് 280 സെലക്ട് ചെയ്യുക.
3. ടാക്‌സ് സെലക്ട് ചെയ്യുക. പേയ്‌മെന്റ് കാറ്റഗറി തെരഞ്ഞെടുക്കുക.
4. പേയ്‌മെന്റ് മോഡ് തെരഞ്ഞെടുക്കുക. ശേഷം അതിന്റെ വിവരങ്ങള്‍ നല്‍കുക.
5. പാന്‍ നമ്പര്‍, മേല്‍വിലാസം, അസസ്‌മെന്റ് ഇയര്‍ എന്നിവ ടൈപ്പ് ചെയ്യുക.
6. ക്യാപ്ച ടൈപ്പ് ചെയ്ത് ഫീസ് അടയ്ക്കുക.
പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

ഐടി റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യപ്പെടില്ല: പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കിലും ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ഇവ രണ്ടും ബന്ധിപ്പിക്കാത്തിടത്തോളം കാലം ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ ആദായ നികുതി വകുപ്പ് പ്രോസസ് ചെയ്യില്ല.

ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളെ ബാധിക്കും: ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിക്ഷേപത്തെയും സാരമായി ബാധിക്കും. കാരണം ബാങ്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം കെവൈസി വിവരങ്ങളാണ്. കെവൈസി വിവരങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പാന്‍കാര്‍ഡ് അത്യാവശ്യമാണ്. പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ അവ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിനും ഭീഷണിയാകും. സേവിംഗ്സ് നിക്ഷേപത്തിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പലിശ നേടുകയാണെങ്കിൽ ടിഡിഎസായി നികുതി കുറയ്ക്കുന്നത് 20 ശതമാനമായിരിക്കും. എന്നാൽ പാൻ കാർഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്ന ടിഡിഎസ് ഇതിന് ഇരട്ടിയായിരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group