തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി.കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനുമൊക്കെ പണി വാങ്ങും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഈമെയിൽ സന്ദേശമാണ് ഇയാള്‍ രണ്ടാഴ്ച മുൻപ് അയച്ചത്.മെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു.
പോലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
മുൻപ് വിമുക്ത ഭടൻ്റെ വീട്ടിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണി മുഴക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിൽ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാട്ടാക്കട ഡിവൈഎസ് പി എൻ ഷിബുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്പെക്ടർ ഷിബുകുമാർ, എസ് ഐ ശ്രീനാഥ് , എ എസ് ഐ സന്തോഷ് കുമാർ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post a Comment