Join News @ Iritty Whats App Group

കെ.ഫോണ്‍ പദ്ധതിയിലും വന്‍ അഴിമതി; ഇടപാടില്‍ SRITയ്ക്ക് പങ്ക്; 520 കോടി അധിക ടെന്‍ഡര്‍: വി.ഡി സതീശന്‍

എല്ലാ നിയമങ്ങളും ലംഘിച്ചാണ് കെ.ഫോണ്‍ ഇടപാട് നടന്നിരിക്കുന്നത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പോലും ലംഘിച്ചാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

കാസര്‍ഗോഡ്: കെ.ഫോണ്‍ പദ്ധതിയിലും വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ എന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി ആറ് വര്‍ഷം നിലവില്‍ വന്നില്ല. ഇപ്പോള്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ 14,000 പേരിലേക്ക് ചുരുങ്ങി. ഒരു മണ്ഡലത്തില്‍ 100 പേര്‍ക്ക് നല്‍കുമെന്നാണ് ഒടുവില്‍ പറയുന്നത്.

പദ്ധതിയുടെ ആദ്യത്തെ എസ്റ്റിമേറ്റ് 1028 കോടിയാണ്. എന്നാല്‍ പദ്ധതി അനുവദിച്ചത് 1548 കോടിയ്ക്കാണ്. 10% മാത്രം ടെന്‍ഡര്‍ എക്‌സസ് കൊടുക്കാവു എന്നിരിക്കേ കെ.േഫാണില്‍ 50% ടെന്‍ഡര്‍ എക്‌സസ് കൊടുത്തിരിക്കുകയാണ്.

ഭാരത് ഇലക്‌ട്രോണിക്‌സ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തില്‍ എസ്ആര്‍ഐടി ഉള്‍പ്പെടുന്ന കമ്പനികള്‍ക്കാണ് കരാര്‍ കൊടുത്തിരിക്കുന്നത്. അശോക് ബില്‍കോണ്‍ എന്ന കമ്പനിക്ക് ഉപകരാര്‍ കൊടുക്കുകയാണ്. അശോക് ബില്‍കോണ്‍ പ്രസാഡിയോ കമ്പനിയ്ക്കാണ് ഉപകരാര്‍ നല്‍കുന്നത്. ഈ കരാറുകളെല്ലാം കറങ്ങിത്തിരിച്ച് എത്തുന്നത് ഒടുവില്‍ പ്രസാദിയോയുടെ പെട്ടിയിലാണ്. ആരാണ് പ്രസാദിയോ എന്ന് എല്ലാവര്‍ക്കും അറിയാം.

ഇതിനു പുറമേ പദ്ധതിയ്ക്ക് മാനേജ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ വേണമെന്ന് പറഞ്ഞ് ഒരു ടെന്‍ഡര്‍ എടുക്കുകയാണ്. അതും എസ്.ആര്‍ഐടിയ്ക്ക് തന്നെ കിട്ടുകയാണ്. സര്‍ക്കാര്‍ 1548 കോടി മുടക്കി നല്‍കുന്ന സര്‍വീസില്‍ 10% ലാഭം ഈ കമ്പനിക്കാണ്. കൂടാതെ മുടങ്ങിക്കിടക്കുന്ന ഡാറ്റ കമ്പനിക്ക് പുറത്തുവില്‍ക്കാം. ഇതിനു പുറമേ 2% ഇന്‍സെന്റീവുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ മുതല്‍ മുടക്കി നടത്തുന്ന പദ്ധതികളുടെ ലാഭമെല്ലാം ഈ കമ്പനികള്‍ക്ക് പോകുകയാണ്.

എല്ലാ നിയമങ്ങളും ലംഘിച്ചാണ് കെ.ഫോണ്‍ ഇടപാട് നടന്നിരിക്കുന്നത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പോലും ലംഘിച്ചാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

18 മാസം കൊണ്ട് ഈ പദ്ധതി നടപ്പാക്കേണ്ടതുകൊണ്ട് 50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചുകൊടുക്കുകയാണെന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കത്ത് ഇറക്കിയിരിക്കുകയാണ്. ധനകാര്യ വകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് ഈ നിര്‍ദേശം.

ആറ് വര്‍ഷം കൊണ്ട് നടപ്പാക്കുമെന്നും 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നും പറഞ്ഞ് വന്ന പദ്ധതിയാണ് എങ്ങുമെത്താതെ ഇപ്പോള്‍ 14,000 പേര്‍ക്ക് നല്‍കുമെന്ന് പറയുന്നത്.

തനിക്കും തന്റെ കുടുംബത്തിനും ഇത്രയധികം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മറുപടി പറയാന്‍ കഴിയാത്ത രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഉന്നയിച്ച എല്ലാ ആരോപണങ്ങളും രേഖകള്‍ വച്ചാണ്. അതിന് മുഖ്യമന്ത്രി മറുപടി പറയണം.

സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍, എഐ കാമറ, കെ.ഫോണ്‍ എന്നിവയെല്ലാം ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികളാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group