Join News @ Iritty Whats App Group

അനധികൃത പാർക്കിങ്ങും നടപ്പാത കയ്യേറി കച്ചവടവും ശക്തമായ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും


ഇരിട്ടി: നഗരത്തിലെ അനധികൃത പാർക്കിങ്ങിനും നടപ്പാത കയ്യേറിയുള്ള കച്ചവടത്തിനുമെതിരെ ശക്തമായ നടപടിയുമായി ഇരിട്ടി നഗരസഭയും പോലീസും രംഗത്ത്. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ഇരു വിഭാഗവും സംയുക്തമായി നഗരത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും നിയമലംഘനം ശ്രദ്ധയിൽ പെട്ട ഇടങ്ങളിലെ വാഹനഉടമകൾക്കും കച്ചവടക്കാർക്കും കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 
മെയ് 1 മുതലാണ് ഇരിട്ടി നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്തെത്തിയത്. അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നതിനായി നഗരസഭ മൂന്നിടങ്ങളിൽ പേ പാർക്കിങ് സംവിധാനം ഒരുക്കിയിരുന്നു. ഇതിൽ പഴയസ്റ്റാന്റിലെ ഓപ്പൺ ഓഡിറ്റോറിയം, പഴയപാലം എന്നിവിടങ്ങളിലുള്ള രണ്ടെണ്ണം നഗരസഭയുടെയും പഴയപാലത്തുള്ള മറ്റൊന്ന് സ്വകാര്യ വ്യക്തിയുടേതുമാണ്. എന്നാൽ നിയന്ത്രണങ്ങളും പേ പാർക്കിങ് സൗകര്യങ്ങളും നിലവിൽ വന്നിട്ടും പലരും ടൗണിൽ തോന്നിയതുപോലെ വാഹനങ്ങൾ നിർത്തിയിടുന്നതും പേ പാർക്കിങ് സൗകര്യം ഉപയോഗിക്കാത്തതും ശ്രദ്ധയിൽ പെട്ടതോടെയാണ് കർശന നിർദ്ദേശങ്ങളും ബോധ വൽക്കരണവുമായി അധികൃതർ രംഗത്തെത്തിയത്. ടൗണിൽ എത്തി ഏറെനേരം നിർത്തിയിടേണ്ടിവരുന്ന സ്വകാര്യ വാഹനങ്ങൾ ഈ പേ പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് നഗരസഭ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. അല്ലാത്ത പക്ഷം പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നു. 
നഗരത്തിൽ നടപ്പാതകൾ കയ്യേറിയുള്ള കച്ചടവത്തിനും മാലിന്യങ്ങൾ വലിച്ചെറിയുന്ന കച്ചവടക്കാർക്കുമെതിരെയും കർശന നിയന്ത്രമാണ് നഗരസഭ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ശുചിത്വ ഹർത്താൽ നടത്തി നഗരം മുഴുവൻ ശുചീകരണം നടത്തിയെങ്കിലും പല കച്ചവടക്കാരും ഇതിൽ പങ്കെടുത്തിരുന്നില്ല. ഇത്തരക്കാർക്കെതിരെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വൃത്തി ഹീനമായ അന്തരീക്ഷം കണ്ടെത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പരിശോധനക്കെത്തിയ നഗരസഭാ അധ്യക്ഷ കെ. ശ്രീലത, ക്ളീൻ സിറ്റി മാനേജർ പി. മോഹനൻ എന്നിവർ നടപ്പാത കയ്യേറി കച്ചവടം നടത്തിവന്ന ചില കച്ചവടക്കാർക്ക് കർശന താക്കീത് നൽകുകയും സാധനങ്ങൾ മുഴുവൻ കടക്കകത്തേക്ക് കയറ്റി വെപ്പിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഇനി താക്കീതിന് പകരം കർശന നടപടിയാണുണ്ടാവുക എന്നും ഇവർ അറിയിച്ചു. ഇരിട്ടി നഗരരം വെടിപ്പും വൃത്തിയുമുള്ള നഗരമാക്കി നിലനിർത്തുന്നതിന് വ്യാപാരികളും വാഹന ഉടമകളും നഗരത്തിലെത്തുന്ന പൊതു ജനങ്ങളും സഹകരിക്കണമെന്നും നാഗസഭാ അദ്ധ്യക്ഷയും ക്ളീൻ സിറ്റി മാനേജരും അഭ്യർത്ഥിച്ചു. 
നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത, ക്ളീൻ സിറ്റി മാനേജർ പി. മോഹനൻ എന്നിവരെക്കൂടാതെ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ വി. പി. അബ്ദുൽ റഷീദ്, കെ. മുരളിധരൻ, എസ് ഐ മാരായ നിബിൻ ജോയ്, സുനിൽ കുമാർ, നഗരസഭാ ജെ എച്ച് ഐ മാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group