Join News @ Iritty Whats App Group

ചീറ്റകളെ സംരക്ഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ പശു മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചു; നാല് വനപാലകർക്ക് പരിക്ക്

ഭോപ്പാൽ: സംരക്ഷിത വനമേഖലയിൽ നിന്ന് പുറത്തുപോയ ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി നിയോ​ഗിച്ച സംഘത്തിന് നേരെ ആക്രമണം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്. മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ നിന്നുള്ള സംഘത്തിന് നേരെ വെള്ളിയാഴ്ച പുലർച്ചെ ബുരാഖേഡ ഗ്രാമത്തിൽവെച്ചാണ് ആക്രമണമുണ്ടായത്. ഗ്രാമവാസികൾ സംഘത്തിന് നേരെ വെടിയുതിർക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.

കല്ലേറിൽ പരിക്കേറ്റ നാല് വനപാലകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീറ്റയുടെ കഴുത്തിൽ ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് വനംവകുപ്പ് സംഘം അതിന്റെ ചലനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. തിരച്ചിലിനിടെ രാത്രി ബുരാഖേഡ ഗ്രാമത്തിന് സമീപം സംഘം കടന്നുപോയി. കന്നുകാലി മോഷ്ടാക്കളാണെന്ന് ഗ്രാമവാസികൾ സംശയിക്കുകയും വെടിയുതിർക്കുകയും ചെയ്തു. എന്നിട്ടും സംഘം പിൻവാങ്ങാതെ വന്നതോടെ കല്ലേറും ആക്രമണവുമുണ്ടായി.

അതേസമയം, നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാല് കുഞ്ഞുങ്ങളിൽ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു. അസുഖം ബാധിച്ചാണ് മരണം. നമീബിയയിൽ നിന്ന് എത്തിച്ച ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. 70 വ‍ർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്. ആദ്യത്തെ കുഞ്ഞിന്റെ മരണം നിർജലീകരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Post a Comment

Previous Post Next Post
Join Our Whats App Group