Join News @ Iritty Whats App Group

ആറളം ഫാമിലെ തൊഴിൽ സമരത്തിന് അടിയന്തിര പരിഹാരം വേണം: താലൂക്ക് വികസന സമിതി.

ഇരിട്ടി: ആറ് മാസമായി വേതനം ലഭിക്കാത്തതുമൂലം ഒരു മാസത്തിലേറെയായി ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും നടത്തുന്ന സമരത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഫാമിലെ പ്രശ്നങ്ങൾ നിരവധി തവണ വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ രാഷ്ട്രിയ പരമായും ഭരണപരമായും തീരുമാനം ഉണ്ടാകണമെന്ന് വിഷയം ഉന്നയിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ ആവശ്യപ്പെട്ടു. ഫാമിലെ ആദിവാസികളല്ലാത്ത തൊഴിലാളികൾക്കും ജീവനക്കാർക്കും ന്യായമായ ആനുകൂല്യങ്ങൾ നൽകി പിരിച്ചുവിട്ടാൽ കേന്ദ്ര സർക്കാറിൽ നിന്നും ആദിവാസി ഫണ്ട് ഫാമിന് ലഭ്യമാകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇത് ലഭിക്കാനുള്ള തീരുമാനം ഉണ്ടാക്കാനുള്ള ഇടപെടൽ നടത്തണം. അമ്പായത്തോട് - ബോയ്സ് ടൗൺ റോഡിന് 85 ലക്ഷം രൂപയുടെ ഭരണാനുമതിയും ടെണ്ടർ നടപടികളും പൂർത്തിയാക്കിയിട്ടും നിർമ്മാണം വൈകുന്നതിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം കടുത്ത അമർഷം രേഖപ്പെടുത്തി. പ്രവൃത്തി തുടങ്ങുമെന്നല്ല എപ്പോൾ തുടങ്ങുമെന്നാണ് പൊതുമരാമത്ത് വകുപ്പ് വിശദീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടിയൂർ ഉത്സവം തുടങ്ങുന്നതിന് മുമ്പ് നവീകരണം പൂർത്തികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുഴയിൽ നിറഞ്ഞ മാലിന്യങ്ങൾ കാലവർഷത്തിന് മുമ്പ് നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് പ്രതിനിധി വിപിൻ തോമസ് ആവശ്യപ്പെട്ടു. മാലിന്യം അടിഞ്ഞ പ്രദേശങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നടപടിയുണ്ടാക്കാമെന്ന് തഹസിൽദാർ സി.വി. പ്രകാശൻ യോഗത്തെ അറിയിച്ചു. മഴയ്ക്ക് മുമ്പ് കെ എസ് ടി പി റോഡിലെ ഓവുചാലുകൾ വൃത്തിയാക്കണമെന്ന് നഗരസഭാ അധ്യക്ഷ കെ. ശ്രീലതയും കാരപറമ്പ് - വീർപ്പാട് റോഡിലെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷും ആവശ്യപ്പെട്ടു. എടക്കാനം - പാലാപറമ്പ് മേഖലയിലേയും മുഴക്കുന്ന് പഞ്ചായത്തിലെ ചുള്ളിയോട്, വടക്കിനിയില്ലം കോളനി മേഖലയിലേയും വോൾട്ടജ് ക്ഷാമം പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കുയിലുർ - പഴശ്ശി പ്രോജക്ട് റോഡ് നവീകരണം ഉടൻ ആരംഭിക്കണമെന്നും ആറളം - കൊട്ടിയൂർ വില്ലേജ് ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പേരാവൂർ താലൂക്കാശുപത്രിയിലെ ഡോകടർമാരുടെ ക്ഷാമം പരിഹരിക്കണമെന്നും ഇരിട്ടി താലൂക്കാശുപത്രി റോഡിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു. യോഗത്തിൽ നഗരസഭാ ചെയർമാൻ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. പേരാവൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ഗീത, എൽ ആർ തഹസിൽദാർ എം.ലക്ഷ്മണൻ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ.ശ്രീധരൻ, പി.കെ. ജനാർദ്ദനൻ, മാത്തുക്കുട്ടി പന്തപ്ലാക്കൽ, ഇബ്രാഹിം മുണ്ടേരി, കെ. മുഹമ്മദലി, തോമസ് തയ്യിൽ, കെ.പി.ഷാജി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group