Join News @ Iritty Whats App Group

ആ എട്ടു ദിവസം; പിതാവിന്റെ പ്രായമുള്ള ഹോട്ടലുടമയെ ഹണിട്രാപ്പിൽ വീഴ്‌ത്തി അരുംകൊല ചെയ്ത ഫർഹാന കുടുങ്ങാനിടയായ കാരണം

മലപ്പുറം: അച്ഛന്റെ പ്രായമുള്ള ഹോട്ടൽ ഉടമയെ ഹണിട്രാപ്പിൽ കുടുക്കി ഫർഹാന അരുംകൊല നടത്തിയത് 18 വയസ് പൂർത്തിയായി എട്ട് ദിവസം പിന്നിട്ടപ്പോൾ. കൊല എട്ടുദിവസം മുൻപായിരുന്നെങ്കില്‍ ഫർഹാന ജയിലിന് പകരം പോകേണ്ടിയിരുന്നത് ദുർഗുണ പരിഹാര പാഠശാലയിലേക്ക്. പ്രൊഫഷണൽ കില്ലർമാരെ പോലും വെല്ലുന്ന വൈദഗ്ധ്യത്തോടെ അരുംകൊല നടത്തിയ ഫർഹാന കുട്ടിക്കുറ്റവാളിയുടെ ആനുകൂല്യം നേടി പേരോ ചിത്രമോ പുറത്തുവരാതെ പോയേനെ. കുറച്ചുനാളുകൾക്ക് ശേഷം പുറത്തിറങ്ങി നമുക്കിടയിൽ ജീവിച്ചേനെ.

തിരൂർ സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കൊലചെയ്ത പ്രതി ഫർഹാനയുടെ വയസ് സംബന്ധിച്ച് പൊലീസിന് ആദ്യം സംശയമുണ്ടായിരുന്നു. ഒടുവിൽ ഫർഹാനയുടെ ഔദ്യോഗിക രേഖകൾ പരിശോധിച്ചാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. മുൻപ് ഡൽഹി നിർഭയ കേസിലടക്കം 18 വയസ് തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്നുവെന്ന കാരണത്താൽ ഒരു പ്രതിയ്ക്ക് ശിക്ഷയിൽ നിന്ന് ഇളവ് കിട്ടിയിരുന്നു. നിർഭയയെ ഏറ്റവും ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിക്കാണ് പ്രായത്തിന്റെ സാങ്കേതികത അനുഗ്രഹമായത്. ഹോട്ടലുടമയുടെ കൊല ദിവസങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഇതേ അനുകൂല്യം ഫർഹാനയ്ക്കും കിട്ടുമായിരുന്നു.

അരുംകൊലയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ഫോണിലൂടെ ഫർഹാനയും ഹോട്ടലുമട സിദ്ദിഖും പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. പിന്നീടാണു തന്റെ കാമുകൻ കൂടിയായ ഷിബിലിയുടെ അറിവോടെ ഇത്തരത്തിലൊരു പ്ലാൻ തയ്യാറാക്കുന്നതും പെടുത്തുന്നതും. വലിയ തന്ത്രശാലികളെപോലെയാണ് ഫർഹാനയും സംഘവും പ്രവർത്തിച്ചത്.

ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിലാണോ എന്ന സംശയവും പൊലീസിനുണ്ട്. പ്രായപൂർത്തിയാകുന്നതിനു മുമ്പു തന്നെ പലപ്പോഴും ഫര്‍ഹാന എംഡിഎംഎ ഉപയോഗിക്കാറുണ്ട്. താൻ ഇതു ഉപയോഗിച്ചിട്ടുണ്ടെന്നും ഫർഹാന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം അക്രമിക്കാനുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ പെരിന്തൽമണ്ണ ചിരട്ടാമലയിൽ ഉപേക്ഷിക്കാൻ പോയ ദിവസവും താൻ എംഡിഎംഎ ഉപയോഗിച്ചതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.

അന്നേദിവസം രാത്രി ചരട്ടാമലയിൽ കാറിലെത്തിയ ശേഷം ഷിബിലിയോടൊപ്പം അന്നു രാത്രി മുതൽ പുലർച്ചെവരെ അവിടെ കാറിൽവെച്ചു എംഡിഎംഎ ഉപയോഗിച്ചതായി പ്രതി പൊലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എംഡിഎംഎ വാങ്ങാനുള്ള പണം നേരത്തെ കൊലപ്പെടുത്തിയ സിദ്ദീഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് എടുത്ത പണമായിരുന്നുവെന്നും ഫർഹാന പൊലീസിനോട് സമ്മതിച്ചു.

ഫർഹാനക്കു നേരത്തെ മുതലുള്ള സിദ്ദിഖുമായുള്ള അടുപ്പത്തിലൂടെയാണ് ഷിബിലിക്കു ഇയാളുടെ ഹോട്ടലിൽ ജോലിവാങ്ങിച്ചു നൽകുന്നത്. എന്തു ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നു നേരത്തെ സിദ്ദീിഖ് പറഞ്ഞിരുന്നുവെന്നു ഫർഹാന പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കൾ, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച സിദ്ദിഖിന്റെ കാർ ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിരുന്നു. സിദ്ദിഖിന്റെ ഫോൺ ഇനിയും കണ്ടെത്താനായിട്ടില്ല.

അതേ സമയം ഹണിട്രാപ്പിന് വഴങ്ങത്തതിനെ തുടർന്ന് ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന കേസിൽ പിടിയിലായ മൂന്ന് പ്രതികളെയും കഴിഞ്ഞ ദിവസം മലപ്പുറം കോടതി റിമാൻഡ് ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയ അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും

Post a Comment

Previous Post Next Post
Join Our Whats App Group