Join News @ Iritty Whats App Group

ഈ നാടകം കളി കൊണ്ടൊന്നും സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനാകില്ല; ഇപി ജയരാജൻ‍


കർഷകരുടെ പേരും പറഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ വശത്താക്കാൻ കഴിയുമോ എന്നാണ് ബിജെ പി കേരളത്തിൽ നോക്കുന്നതെന്നും എന്നാൽ നാടകം കളി കൊണ്ടൊന്നും സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനാകില്ലെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.

ഇവിടെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് റബറിന് വില കൂട്ടിയാൽ ബി ജെ പിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ്. തലശ്ശേരി ബിഷപ് പാംപ്ളാനി പറഞ്ഞത് റബറിന് കിലോവിന് 300 രൂപയാക്കിയാൽ ബി ജെ പി ക്ക് കേരളത്തിൽ നിന്നും എം പിമാരെ കിട്ടുമെന്നാണ്. ഇതിലൂടെ ബിഷപ് ലക്ഷ്യമിടുന്നതെന്തായാലും അത് നടക്കാൻ പോകുന്നില്ല എന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


പൂർണരൂപം വായിക്കാം-

കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹനയങ്ങൾ തുറന്നുകാട്ടുന്നതിനാണ് എൽഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി മെയ് 2 മുതൽ 5 വരെ മലയോര ജാഥ നടത്താൻ തിരുമാനിച്ചത്. മലയോര മേഖലയിലെ പ്രധാന കാര്‍ഷിക വിളയായ റബ്ബര്‍ കടുത്ത വിലത്തകര്‍ച്ചയെയാണ് നേരിടുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയമാണ് ഇതിന്‍റെ അടിസ്ഥാന കാരണം. യു.പി.എ സര്‍ക്കാറിന്‍റെ കാലത്ത് 2010 ജനുവരി 1 ന് ഒപ്പിട്ട ആസിയാന്‍ കരാറും തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങളും റബ്ബര്‍ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയായി.

റബ്ബറിന് താങ്ങുവില നിശ്ചയിക്കണമെന്ന് പാര്‍ലിമെന്‍റില്‍ ഇടതുപക്ഷം ആവശ്യപ്പെട്ടപ്പോള്‍ സാധ്യമല്ലെന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തില്‍ 2 ദിവസം സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയും ഈ കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ റബ്ബറിന് മിനിമം സപ്പോട്ടിംഗ് വില നിശ്ചയിച്ച് കര്‍ഷകരെ സഹായിക്കുന്ന ഏക സര്‍ക്കാര്‍ കേരളത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരാണ്.

എന്നാൽ ഇവിടെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് റബറിന് വില കൂട്ടിയാൽ ബി ജെ പിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ്. തലശ്ശേരി ബിഷപ് പാംപ്ളാനി പറഞ്ഞത് റബറിന് കിലോവിന് 300 രൂപയാക്കിയാൽ ബി ജെ പി ക്ക് കേരളത്തിൽ നിന്നും എം പിമാരെ കിട്ടുമെന്നാണ്. ഇതിലൂടെ ബിഷപ് ലക്ഷ്യമിടുന്നതെന്തായാലും അത് നടക്കാൻ പോകുന്നില്ല എന്നതാണ്.

കാരണം കർഷകരെ പരമാവധി ദ്രോഹിക്കുന്ന നയം സ്വീകരിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ റബർ കർഷകർക്ക് വേണ്ടി ചെറുവിരൽ അനക്കാൻ പോകുന്നില്ല. കേരളത്തിൽ മാത്രമല്ല റബർ കൃഷി ഉള്ളത്.മറ്റ് സംസ്ഥാനങ്ങളിലുമുണ്ടല്ലൊ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപിക്ക് എംപിമാരുള്ള സംസ്ഥാനങ്ങളിലും റബ്ബറിനെന്നല്ല, ഏതെങ്കിലും കാർഷിക വിളക്ക് ന്യായവില കിട്ടുന്നുണ്ടോ? കിട്ടാത്തതിന് കാരണം കേന്ദ്ര സർക്കാറിൻ്റെ ഇറക്കുമതി നയമാണ്. അത് മാത്രമല്ല, കുത്തകകളെ സഹായിക്കാൻ നടപ്പാക്കുന്ന നയങ്ങളാണ്. ദേശവ്യാപകമായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ കുറിച്ച് അറിയാത്തവരാണൊ ഇത്തരം കഥകൾ സൃഷ്ട്ടിക്കുന്നത്.

കേന്ദ്രം കൊണ്ടുവന്ന കർഷക മാരണ നിയമത്തിനെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭം ഓർമ്മയില്ലെ. ആ പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്രം നിയമനിർമാണത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയെങ്കിലും കർഷക ദ്രോഹ നയങ്ങൾ തുടരുകയാണ്. ഇതിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭമുയരവെയാണ് ഇവിടെ റബറിന് 300 രൂപയെന്ന് സ്വപ്നം കാണുന്നത്.

കർഷകരുടെ പേരും പറഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ വശത്താക്കാൻ കഴിയുമോ എന്നാണ് ബിജെ പി കേരളത്തിൽ നോക്കുന്നത്. രാജ്യവ്യാപകമായി ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പാതിരിമാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയതിൻ്റെ ചൂടാറും മുമ്പാണ് കേരളത്തിൽ ബിജെപിക്കാരുടെ ധ്യതരാഷ്ട്രാലിംഗനം. ഇത് തിരിച്ചറിയുന്നവരാണ് യഥാർഥ ക്രിസ്തുമത വിശ്വാസികൾ. ഇത്തരം നാടകം കളി കൊണ്ടൊന്നും സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനാകില്ല.

പ്രധാനമന്ത്രി മോഡിയും മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്രെ. എന്നാൽ മലയോര കർഷകരോ ന്യൂനപക്ഷ ജനവിഭാഗങ്ങളോ നേരിടുന്ന ഏതെങ്കിലും അടിസ്ഥാന പ്രശ്നത്തിൽ മോദി പ്രതികരിച്ചിട്ടുണ്ടോ? മത ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ നേരിയ ആശങ്കയെങ്കിലും പ്രകടിപ്പിച്ചോ?

ഇപ്പോഴിതാ കേരളത്തെയും കേരളത്തിൻ്റെ കറകളഞ്ഞ മതനിരപേക്ഷതയെയും തകർക്കാൻ ഒരു സിനിമ വരുന്നു. 32,000 യുവതികളെ ലൗ ജിഹാദിലൂടെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്നാണ് സിനിമ പറയുന്നതത്രെ. 32,000 പോയിട്ട് 32 പേർ അങ്ങനെ പോയതായി തെളിയിക്കാൻ കഴിയുമോ? ഒരടിസ്ഥാനവുമില്ലാതെ ഇത്തരം നുണപ്രചരണങ്ങൾ അഴിച്ചുവിടുകയാണ്.

ഒരു വശത്ത് മത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുക, മറു വശത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുക - ഇങ്ങനെ വെറുപ്പിൻ്റെയും പകയുടെയും വിദ്വേഷത്തിൻ്റെയും സംശയത്തിൻ്റെയും അന്തരീക്ഷം സൃഷ്ടിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ഒന്നിച്ച് നിന്ന് ചെറുക്കുന്നതിന് പകരം ചില കേന്ദ്രങ്ങൾ മറ്റെന്തൊ ലക്ഷ്യം വെച്ച് സംഘപരിവാറുമായി സന്ധി ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ ആപത്ത് നാം തിരിച്ചറിയണം.

മലയോരത്തെ ജനങ്ങള്‍ നേരിട്ട മറ്റൊരു പ്രശ്നമായിരുന്നു ബഫര്‍സോണ്‍ പ്രശ്നം. ഈ വിഷയത്തിൻ്റെ പേരിലും പിന്തിരിപ്പൻ ശക്തികൾ നല്ല കുത്തിത്തിരിപ്പിനാണ് ശ്രമിച്ചത്. എന്നാൽ ഇടതുപക്ഷവും ഈ സർക്കാറും വനാതിർത്തിയിലെ കർഷകർക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിച്ചു. ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് വന്ന വിധി ജനങ്ങള്‍ക്കേറെ ആശ്വാസകരമാണ്.

സംസ്ഥാന സര്‍ക്കാറിന്‍റെ ഇച്ഛാശക്തിയോടെയുള്ള നിലപാടും ഇടപെടലുമാണ് ഇത്തരമൊരു വിധിക്ക് കാരണമായത്. യു.ഡി.എഫിന്‍റെ കാലത്ത് വനാതിര്‍ത്തിയില്‍ നിന്നും 12 കി.മീ ദൂരം വരെ നിര്‍മ്മിതികള്‍ പാടില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഈ നിലപാട് സ്വീകരിച്ച യുഡിഎഫും ദേശീയ തലത്തിൽ ഇതേ നിലപാടെടുക്കുന്ന ബിജെപിയും ഇവിടുത്തെ മാധ്യമങ്ങളും ബഫർ സോൺ വിഷയത്തിലും കുത്തിത്തിരിപ്പിന് ശ്രമിച്ചു.

പക്ഷെ സംസ്ഥാന സർക്കാർ ഇതൊന്നും വകവെക്കാതെ നിയമപോരാട്ടം തുടർന്നു. ഒടുവിൽ എൽഡിഎഫ് വാഗ്ദാനം ചെയ്ത പോലെ കർഷകർക്കനുകൂലമായ വിധി നേടിയെടുത്തു. ഇപ്പോൾ യുഡിഎഫിനും ബിജെപിക്കും മാധ്യമങ്ങൾക്കും മിണ്ടാട്ടമില്ല.

കണ്ണൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ജില്ലയില്‍ പൊതുവിലും വിശേഷിച്ച് മലയോര മേഖലയിലും ഉണ്ടായത്. ജില്ലയിലെ മലയോര ഹൈവേ ഏതാണ്ട് പൂര്‍ത്തിയായി. വന്യജീവികളുടെ ആക്രമണം ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത പ്രയാസമുണ്ടാക്കുന്നതാണ്. ആറളത്ത് ആനമതില്‍ നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത് ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. കാട്ടുപന്നിയെ കൊലപ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കി.

കർഷകരെയും വനാതിർത്തിയിലെ ജനങ്ങളെയും അക്രമിക്കുന്ന കാട്ടാനകളുടെ പേരിൽ പോലും സർക്കാറിനെ കുറ്റപ്പെടുത്തി. ചിന്നക്കനാലിലെ അരിയാനയുടെ കഥ തന്നെ നോക്കൂ. അരിയാനയെ പിടിക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴാണ് ചിലർ കോടതിയിൽ പോയത്. അതിൻ്റെ തുടർച്ചയായി പല വിവാദങ്ങളും കോലാഹലങ്ങളുമുണ്ടാക്കി. പക്ഷെ, സർക്കാർ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചു.ഇങ്ങനെ ഈ സർക്കാറും എൽഡിഎഫും കർഷകർക്കൊപ്പമാണ്, മലയോര ജനതക്കൊപ്പമാണ്. അതേ സമയം കോൺഗ്രസും ബിജെപിയും എക്കാലവും കർഷക വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ഇത് എല്ലാവരും തിരിച്ചറിയണം.

Post a Comment

Previous Post Next Post
Join Our Whats App Group